പത്തരമാറ്റുള്ള നന്മ; കൊമ്പുകുഴല്‍ കലാകാരന്റെ ചികിത്സാ സഹായത്തിന് സ്വര്‍ണവള ഊരിനല്‍കി മന്ത്രി ബിന്ദു
കരുവന്നൂര്‍ (തൃശ്ശൂര്‍): ഇരുപത്തേഴുകാരന്‍െ്‌റ ചികിത്സയ്ക്കായി ചേര്‍ന്ന സഹായസമിതി യോഗത്തില്‍ അവിചാരിതമായി എത്തിയ മന്ത്രി ആര്‍. ബിന്ദു മടങ്ങിയത് പത്തരമാറ്റുള്ള അപ്രതീക്ഷിത സംഭാവന നല്‍കി. കൊമ്പുകുഴല്‍ കലാകാരനായ വന്നേരിപറമ്പില്‍ വിവേകി(27)ന്റെ ചികിത്സാസഹായസമിതിയുടെ യോഗത്തിന് എത്തിയപ്പോഴായിരുന്നു കൈയിലെ വള മന്ത്രിയുടെ അപ്രതീക്ഷിത സഹായം.
തൃശൂര്‍ ഇരിങ്ങാലക്കുട കരുവന്നൂരിലെ മൂര്‍ക്കനാട് ഗ്രാമീണ വായനശാലയിലാണ് വിവേകിന് വേണ്ടിയുള്ള ചികിത്സാ സഹായസമിതിയുടെ രൂപീകരണ യോഗം നടന്നത്. തന്‍െ്‌റ മണ്ഡലത്തിലെ പരിപാടി ആയതിനാല്‍ അവധിദിനത്തില്‍ മണ്ഡലത്തിലുണ്ടായിരുന്ന മന്ത്രിയും പരിപാടിക്ക് എത്തുകയായിരുന്നു. അവിടെവച്ചാണ് വിവേകിനെപ്പറ്റി അറിയുന്നത്.
വിവേകിന്റെ മാതാപിതാക്കളായ പ്രഭാകരനും സരസ്വതിയും രോഗികളാണ്. കുഴല്‍കലാകാരനാണെങ്കിലും മറ്റുജോലികളും ചെയ്താണ് വിവേക് കുടുംബം പുലര്‍ത്തുന്നത്. പ്രസംഗ ശേഷം മടങ്ങാനൊരുങ്ങുമ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ച് തന്റെ കയ്യിലെ വളയൂരി മന്ത്രി ചികിത്സാ ധനസഹായസമിതി ഭാരവാഹികളെ ഏല്‍പ്പിക്കുകയായിരുന്നു.
ചികിത്സാസഹായസമിതി കണ്‍വീനര്‍ പി.കെ. മനുമോഹന്‍, സമിതി ചെയര്‍പേഴ്സണും വാര്‍ഡ് കൗണ്‍സിലറുമായ നസീമ കുഞ്ഞുമോന്‍, മൂര്‍ക്കനാട് ഗ്രാമീണ വായനശാലാ സെക്രട്ടറിയും ചികിത്സാസഹായസമിതി ട്രഷററുമായ സജി ഏറാട്ടുപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് വള ഏറ്റുവാങ്ങി. വിവേകിന്റെ സഹോദരന്‍ വിഷ്ണു പ്രഭാകരനോട് വിവേകിന് ആരോഗ്യം വേഗം വീണ്ടെടുക്കാന്‍ കഴിയട്ടെയെന്ന് അറിയിച്ചാണ് മന്ത്രി മടങ്ങിയത്.