IndiaNEWS

ശിവസേന എം.എല്‍.എമാരെ അയോഗ്യരാക്കുന്നതില്‍ ഉടന്‍ തീരുമാനം എടുക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേനാ എംഎല്‍എമാരുടെ അയോഗ്യതാ വിഷയത്തില്‍ ഉടന്‍ തീരുമാനം എടുക്കരുതെന്ന് നിയമസഭാ സ്പീക്കര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ ഇന്ന് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തില്ല. ഇക്കാര്യം ശിവസേനയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ അല്‍പ്പ സമയംകൂടി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

തുടര്‍ന്നാണ് അയോഗ്യത സംബന്ധിച്ച് തിടുക്കത്തില്‍ തീരുമാനം എടുക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇക്കാര്യം സ്പീക്കറെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദേശിച്ചു.

ശിവസേനയിലെ ഇരു വിഭാഗങ്ങളും എതിര്‍ വിഭാഗത്തില്‍പെട്ടവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്പീക്കര്‍ തെരെഞ്ഞെടുപ്പ് ഉള്‍പ്പടെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Back to top button
error: