KeralaNEWS

ദിലീപിനെതിരേ തെളിവില്ല, നടിയെ ആക്രമിച്ച കേസിൽ പോലീസിനെ പ്രതിരോധത്തിലാക്കുന്ന വിവാദവെളിപ്പെടുത്തലുകളുമായി മുൻ ഡിജിപി ആർ ശ്രീലേഖ ഐ.പി.എസ്

  സ്വന്തം യുട്യൂബ് ചാനലിലൂടെ വിവാദപരമായ വെളിപ്പെടുത്തലുകളുമായി മുൻ ഡിജിപി ആർ ശ്രീലേഖ. ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പോലീസ് രംഗത്തുവന്നതെന്നും പൾസർ സുനി മുമ്പും നിരവധി നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലിൽനിന്ന് ദിലീപിന് കത്തയച്ചത് പൾസർ സുനിയല്ല, സഹതടവുകാരനാണെന്നും ആർ ശ്രീലേഖ വെളിപ്പെടുത്തുന്നു.

പൾസർ സുനിയെ അറസ്റ്റ് ചെയ്ത വേളയിൽ രണ്ടാഴ്ചയോളം അയാൾ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇത്രയും ദിവസങ്ങൾ കസ്റ്റഡിയിൽവച്ച് ചോദ്യംചെയ്തിട്ടും ഇതൊരു ക്വട്ടേഷനായിരുന്നുവെന്ന് കണ്ടെത്താൻ പോലീസ് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് ശ്രീലേഖ ചോദിച്ചു. ക്വട്ടേഷനാണെങ്കിൽ സാധാരണ നിലയിൽ ഒരു പ്രതി അക്കാര്യം പോലീസിന് മുമ്പാകെ തുറന്നുസമ്മതിക്കേണ്ടതാണ് എന്നും ശ്രീലേഖ ഐ.പി.എസ് പറഞ്ഞു.

പൾസർ സുനിയും കൂട്ടരും ക്വട്ടേഷൻ സംഘങ്ങളാണോയെന്ന് തനിക്ക് ഇപ്പോഴും സംശയമുണ്ട്. ഇവർ ചെയ്ത മുൻകാല പ്രവർത്തികൾ മുഴുവൻ സ്വയം കാശുണ്ടാക്കാനും ആളുകളെ ഭീഷണിപ്പെടുത്തി പണംതട്ടാനുമാണ്. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് പൾസർ സുനി അയച്ചെന്ന് പറയുന്ന കത്ത് അടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ട്.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി ചില നടിമാര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റില്‍ ചെയ്തതെന്ന് നടിമാര്‍ പറഞ്ഞതായും ശ്രീലേഖ വെളിപ്പെടുത്തി. ജയിലില്‍ കിടക്കുകയായിരുന്ന സുനിക്ക് ഫോണ്‍ എത്തിച്ച്‌ നല്‍കിയത് ഒരു പൊലീസുകാരനാണെന്ന് സംശയിക്കുന്നതായും ശ്രീലേഖ സ്വന്തം യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

ശ്രീലേഖ ഐപിഎസ് പറഞ്ഞത്:

”നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാന്‍ ജയില്‍ ഡി.ജി.പിയായിരുന്നു. എനിക്ക് വളരെ അടുപ്പമുളള നടിമാര്‍ പള്‍സര്‍ സുനിയെ പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ ചിത്രീകരിച്ച്‌ അവരെ ബ്ലാക്ക് മെയില്‍ ചെയ്തതായി അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോള്‍ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസ് കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ മാനഹാനി തനിക്കാണെന്നുമുളളതു കൊണ്ടും കാശ് കൊടുത്ത് സെറ്റില്‍ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ട്.

പള്‍സര്‍ സുനി കിടന്ന ജയിലിലെ എല്ലാ സെല്ലുകളിലും ക്യാമറയുണ്ട്. അതില്‍ പള്‍സര്‍ സുനി ഫോണില്‍ സംസാരിക്കുന്ന ദൃശ്യമുണ്ടായിരുന്നു. അവനേയും അവന്റെ കൂട്ടുകാരേയും കോടതിയില്‍ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നവരില്‍ ഒരു പൊലീസുകാരന്‍ പള്‍സര്‍ സുനിയോട് രഹസ്യമായി സംസാരിക്കുകയും എന്തോ കൈമാറുന്നത് പോലെ നടന്നുവെന്ന് സംശയിക്കുന്നത് പോലെയുളള വീഡിയോ കിട്ടിയിരുന്നു. ആ പൊലീസുകാരനാണ് ഈ ഫോണ്‍ കൊടുത്തത് എന്ന സംശയത്തിലാണ് പൊലീസ്. ഇതിനെപ്പറ്റിയുളള റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല…”

നേരത്തേയും ദിലീപിനെതിരേ കേസിൽ തുടരന്വേഷണം ആരംഭിച്ച ഘട്ടത്തിൽ ശ്രീലേഖ ചില പരാമർശങ്ങൾ നടത്തിയിരുന്നു. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി പോലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ചില വിമർശനങ്ങളാണ് ഇപ്പോളുണ്ടായത്.

Back to top button
error: