യൂദാസിന്റെ പാരമ്പര്യമാണ് ശ്രേയാംസിന്റെയും പിതാവിന്റെയും പത്രത്തിന്റെയും അജണ്ട. ഇരിക്കുന്ന കൊമ്പ് എല്ലായിപ്പോഴും മുറിക്കുന്ന രാഷ്ട്രീയ ഹിജഡയാണ് എം.വി ശ്രേയാംസ് കുമാർ എന്ന് ജനതാദൾ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് എ.എസ് രാധാകൃഷ്ണൻ. യു.ഡി.എഫ് പക്ഷത്ത് നിന്നപ്പോൾ നിരന്തരം യുഡിഎഫിനെയും ഇടതുപക്ഷത്തേക്ക് വന്നപ്പോൾ എൽ.ഡി.എഫിനെയും വിമർശിക്കുകയും പിന്നിൽ നിന്ന് കുത്തുകയും ചെയ്യുന്ന യൂദാസിന്റെ പാരമ്പര്യമാണ് അദ്ദേഹത്തിന്റെയും പിതാവിന്റെയും പത്രത്തിന്റെയും അജണ്ടയെന്നും രാധാകൃഷ്ണൻ വിമർശിച്ചു.
സജി ചെറിയാന്റെ രാജിയെ ആയുധമാക്കി ഇടതുപക്ഷത്തെ തകർക്കാനാണ് ഇദ്ദേഹവും പിണിയാളുകളും പത്രവും പരിശ്രമിക്കുന്നത്. ഈ തീരുമാനത്തിന്റെ ഭാഗമായാണ് മാതൃഭൂമി ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചത്. സജി ചെറിയാൻ എന്നും സാധാരണ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളുമായി മല്ലിട്ട് വിദ്യാർത്ഥി കാലഘട്ടം മുതൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ്. സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമായ ഈ കാലഘട്ടത്തിൽ സാധാരണക്കാരുടെ പ്രശ്നങ്ങളെ ഭരണഘടനയുമായി കൂട്ടിയിണക്കി പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്.
ഇടതുപക്ഷ മുന്നണിയെ ശക്തിപ്പെടുത്തേണ്ട ഈ കാലഘട്ടത്തിൽ സജി ചെറിയാനെയും ഇടതുപക്ഷ മുന്നണിയെയും തകർത്ത് കളയാം എന്ന വ്യാമോഹമാണ് ഉള്ളതെങ്കിൽ അവർ നിരാശപ്പെടേണ്ടി വരും. യുഡിഎഫിൽ ആയിരുന്നപ്പോൾ ഒരു എം.എൽ.എ പോലും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പിതാവിന് രാജ്യസഭാ സ്ഥാനം നൽകിയത് പത്ര മുതലാളി എന്ന നിലയ്ക്ക് മാത്രമാണ്. അല്ലാതെ ആളില്ലാത്ത പാർട്ടിയുടെ വലിപ്പം കണ്ടിട്ടല്ല. അതിനുശേഷം യു.ഡി.എഫ് നൽകിയ സ്ഥാനം എൽ.ഡി.എഫിൽ ചേക്കേറിയപ്പോഴും നിലനിർത്തിയതും ഇതേ പത്ര സ്ഥാപനത്തിന്റെ മുതലാളി എന്ന നിലയ്ക്ക് മാത്രമാണ്. അദ്ദേഹത്തിന്റെ മരണശേഷം പുത്രന് തൽസ്ഥാനം കിട്ടിയതും മറ്റൊന്നും കൊണ്ടല്ല.
ഇപ്പോൾ ജെ.ഡി.എസിൽ ലയിക്കാൻ ഇടതുപക്ഷം നിർദ്ദേശം നൽകിയപ്പോൾ അത്തരത്തിൽ ചെയ്താൽ തന്റെ പ്രാമാണിത്തം നഷ്ടപ്പെടുമോ എന്ന ഭയം മൂലം അതിന് കാരണമായി പറഞ്ഞത് രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ആദിവാസി വനിതയെ ദേവഗൗഡ പിന്തുണച്ചു എന്നതാണ്.
എന്നാൽ ഇവരുടെ മുൻ ദേശീയ നേതാവ് ശരത് യാദവ് പിന്തുണച്ചത് എൻ.ഡി.എ സ്ഥാനാർത്ഥിയായ രാംനാഥ് കോവിന്ദിനെ ആയിരുന്നു എന്ന് സൗകര്യപൂർവ്വം വിസ്മരിക്കുകയാണ്.
പിന്നീട് ശരത് യാദവ് ആർ.ജെ.ഡി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും ആർ.ജെ.ഡിയിൽ ചേർന്നപ്പോഴും ഇല്ലാത്ത രാഷ്ട്രീയ ആദർശം ഇപ്പോൾ ജെ.ഡി.എസ് ലയനം വന്നപ്പോൾ പെടുന്നനെ എവിടുന്നു വന്നു…? ഇത്തരത്തിലുള്ള നീക്കത്തിന് പിന്നിൽ പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുന്നത് ശീലമായതിന്റെ ഭാഗമായി ഇനി എൻ.ഡി.എ മുന്നണിയിലേക്കാണോ ഇവർ ലക്ഷ്യം വെക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശ്രേയമ്സ് കുമാറിന്റെ രാഷ്ട്രീയ കാപട്യം ജനങ്ങൾ തിരിച്ചറിയണമെന്നും എ.എസ് രാധാകൃഷ്ണൻ പറഞ്ഞു.
ജനതാദളിലെ തർക്കത്തിൽ വേർപിരിഞ്ഞ് ജനതദൾ യുണൈറ്റഡിൽ ലയിക്കുമ്പോൾ സംസ്ഥാന പ്രസിഡണ്ടായ രാധാകൃഷ്ണനെ നീക്കിയാണ് എം.പി വീരേന്ദ്രകുമാറിന് പദവി നൽകിയത്. പിന്നീട് വീരേന്ദ്രകുമാർ വീണ്ടും കളം മാറി പോയതോടെ ദേശീയ നേതൃത്വം രാധാകൃഷ്ണനെ തന്നെ കേരളത്തിന്റെ ചുമതലയേൽപ്പിച്ചു. കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചു നിൽക്കുകയാണ് ജെഡിയു.