ഭരണപ്രതിസന്ധി മൂലം ആഭ്യന്തര കലാപം നടക്കുന്ന ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. തമിഴ്‌നാട് ക്യു ബ്രാഞ്ച് ആണ് ഇതു സംബന്ധിച്ച് തമിഴ്‌നാടിനും കേരളത്തിനും റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും അഭയാർത്ഥികൾ വരുംദിവസങ്ങളിൽ കേരള, തമിഴ്‌നാട് തീരങ്ങളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. രാമേശ്വരം അടക്കമുള്ള തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്രീലങ്കയിൽ നിന്നുളള അഭയാർത്ഥികളെ സ്വീകരിക്കുമോ എന്നതിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ല. നിലലിൽ ചെറിയ തോതിൽ ശ്രീലങ്കൻ അഭയാർത്ഥികൾ രാമേശ്വരം തീരത്ത് എത്തുന്നുണ്ട്. മൂന്നാഴ്ച മുൻപ് എത്തിയ ഏഴുപേരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
ഇതിനിടെ, സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധന ക്ഷാമവും രൂക്ഷമായ ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തിരുവനന്തപുരത്ത് പറഞ്ഞു. എല്ലാക്കാലത്തും ശ്രീലങ്കയ്ക്ക് ഒപ്പം നിലകൊണ്ട രാജ്യമാണ് ഇന്ത്യ. എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും നിലവിൽ അവിടെ നിന്നുള്ള അഭയാർഥി കുടിയേറ്റ പ്രതിസന്ധിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചു. സർവ്വകക്ഷി യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജിവച്ചത്. പ്രക്ഷോഭകാരികൾ പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി അടിയന്തര സർവകക്ഷി യോഗം വിളിച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രജപക്സെയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ വിക്രമസിംഗെയും രാജിവയ്ക്കണമെന്നും സ്പീക്കർ താത്ക്കാലിയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യമുയർന്നു.
ഇതിന് പിന്നാലെ, ദേശീയ സർക്കാർ രൂപീകരിക്കാൻ വേണ്ടി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയിൽ, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ലക്ഷണങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞു. സുരക്ഷാ സേന ചെറുത്തു നിന്നെങ്കിലും പ്രക്ഷോഭകർ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി.
ഇതോടെ പ്രസിഡന്റ് ഗോതബായ രജപക്‌സെ കെട്ടിടത്തിൽ നിന്നു രക്ഷപ്പെട്ടു. സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിയതായാണ് വിവരം.
ഗോതബായ രജപക്‌സെ രാജ്യം വിട്ടതായും റിപ്പോർട്ടുകളുണ്ട്. ഗോതബായ കപ്പലിൽ കയറി പോകുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രസിഡന്റ് രാജ്യം വിട്ടതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഇതിനോടകം ഇന്ത്യ 350 കോടി ഡോളറിന്റെ സഹായം ശ്രീലങ്കയ്ക്ക് നൽകിയതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യൻ ജനതയും കേന്ദ്ര സർക്കാരും 25 ടൺ അവശ്യ മരുന്നുകളുൾപ്പെടെ വിതരണം ചെയ്തിരുന്നു. ഇന്ത്യ കൈമാറിയ 350 കോടി ഡോളർ സഹായത്തിന് പുറമേയാണിത്. അരി, പാൽപ്പൊടി, മണ്ണെണ്ണ തുടങ്ങിയ ദൈനന്തിന ഉപയോഗത്തിനുള്ള സാധനങ്ങളും ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു.