മുംബൈ: മാലദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയ യുവാവ് പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചന്ന കേസില്‍ അറസ്റ്റില്‍. പൂണെ സ്വദേശിയായ സാംദര്‍ശി യാദവിനെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാസ്പോര്‍ട്ടിലെ പത്ത് പേജുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് യുവാവിനെ സഹര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഹാജരാക്കിയ പാസ്പോര്‍ട്ടില്‍ ഏതാനും പേജുകള്‍ കാണാനില്ല എന്നകാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ യുവാവിനെ തടഞ്ഞത്. അന്വേഷണത്തില്‍ പത്ത് പേജുകള്‍ കീറിക്കളഞ്ഞതാണെന്ന് അധികൃതര്‍ കണ്ടെത്തി. ഇതോടെ പോലീസിന് വിവരം കൈമാറുകയായിരുന്നു.
2019-ല്‍ യാത്ര ചെയ്ത വിവരങ്ങളടങ്ങിയ പേജുകളാണ് യുവാവ് പാസ്പോര്‍ട്ടില്‍നിന്ന് കീറിക്കളഞ്ഞതെന്ന് പോലീസ് പറഞ്ഞു. 2019-ലാണ് ഇയാള്‍ വിവാഹിതനായത്. അതിന് മുമ്പ് തായ്ലാന്‍ഡിലേക്ക് യാത്രചെയ്തിരുന്നു. തായ്ലാന്‍ഡിലേക്ക് യാത്രചെയ്ത വിവരം ഭാര്യ അറിയാതിരിക്കാനാണ് വിവാഹശേഷം യുവാവ് പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതെന്നും പോലീസ് പറഞ്ഞു.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പാസ്പോര്‍ട്ടിലെ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് യുവാവിനെ അറസ്റ്റ് ചെയ്ത് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.
അതേസമയം, കേസില്‍ യാദവ് നിരപരാധിയാണെന്നും യാദവിനെതിരെ ഐ.പി.സി. വകുപ്പുകള്‍ ചുമത്തിയത് ഒരിക്കലും നിലനില്‍ക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. ഇത് പാസ്പോര്‍ട്ട് ആക്ട് പ്രകാരമുള്ള കേസ് മാത്രമാണ്. പാസ്പോര്‍ട്ടിന്റെ ബൈന്‍ഡിങ് തകരാറായതിനാലാണ് ഏതാനും പേജുകള്‍ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.