NEWSWorld

ജപ്പാന്‍ വിതുമ്പുന്നു; ആബെയ്ക്ക് വിടനല്‍കാന്‍ ലോകനേതാക്കള്‍ ചൊവ്വാഴ്ച ജപ്പാനില്‍; കൊലപാതകം അന്വേഷിക്കാന്‍ 90 അംഗ സംഘം

ടോക്കിയോ: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണം അന്വേഷിക്കാന്‍ 90 അംഗ സംഘത്തിന് രൂപം നല്‍കി. കൊലപാതകത്തിന് പിന്നിലെ കാരണവും സുരക്ഷാ വീഴ്ചയും സംഘം അന്വേഷിക്കും.

പൊലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സംഘം. പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങളെ കുറിച്ചും ആക്രമണത്തില്‍ മറ്റു സംഘടനകള്‍ക്ക് പങ്കുണ്ടോയെന്നും സംഘം പരിശോധിക്കും. പ്രതി തെത് സൂയ യെമഗാമിക്ക് ഒരു പ്രത്യേക സംഘത്തോട് എതിര്‍പ്പുണ്ടായിരുന്നെന്നും ആബെ ഈ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന പ്രതിയുടെ സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നും ജപ്പാന്‍ പൊലീസ് പ്രതികരിച്ചു. എന്നാല്‍ ഈ സംഘം ഏതെന്ന് വ്യക്തമാക്കിയില്ല.

Signature-ad

ആബെയുടെ മൃതദേഹം യാരെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ഹൃദയത്തിനേറ്റ വെടിയും അമിത രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ചൊവ്വാഴ്ചയാണ് ആബേയുടെ സംസ്‌കാരം. ലോക നേതാക്കളടക്കം അന്തിമോപചാരം അര്‍പ്പിക്കാന്‍ ടോക്യോവിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ആബെയുടെ മൃതദേഹം ടോക്യോവിലെ വസതിയിലേക്ക് മാറ്റി. ജനകീയ നേതാവിന്‍െ്‌റ വിയോഗത്തില്‍ ജപ്പാന്‍ ജനത അതീവ ദുഖത്തിലാണ്. കറുത്ത വസ്ത്രം ധരിച്ച് ആയിരക്കണക്കിന് ജനങ്ങള്‍ മൃതദേഹത്തെ അനുഗമിച്ചു.

നാരാ പട്ടണത്തില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ ഇന്നലെയാണ് ആബെകൊല്ലപ്പെട്ടത്. പിന്നിലൂടെ എത്തിയ അക്രമി നാടന്‍ തോക്കുകൊണ്ട് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ച ആബേയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Back to top button
error: