KeralaNEWS

ഭക്ഷണമില്ലാത്തതിനാൽ ചക്ക കഴിക്കുന്നു എന്ന വാർത്ത വസ്തുതാ വിരുദ്ധം- മന്ത്രി കെ രാധാകൃഷ്ണൻ

ഭക്ഷണമൊന്നും ലഭിക്കാത്തതിനാൽ ചക്ക പങ്കിട്ടു കഴിക്കുന്നു എന്ന രീതിയിൽ പത്തനംതിട്ട ജില്ലയിൽ നിന്നും ആറ് പട്ടികവർഗ്ഗക്കാരുടെ ചിത്രം വാർത്തയായി വന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇത് സംബന്ധിച്ച വിവരം ലഭ്യമാക്കുവാൻ ഉടൻ തന്നെ നിർദ്ദേശവും നൽകി.

പത്തനംതിട്ട ജില്ല ട്രൈബൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സംഭവസ്ഥലത്ത് നേരിട്ടെത്തി അന്വേഷണം നടത്തുകയുണ്ടായി. ജില്ലയിൽ ളാഹയ്ക്കടുത്തുള്ള വനമേഖലകളിൽ താമസിക്കുന്നവരാണ് ഈ ആറ് പേരും. ഇവിടെ 261 പട്ടികവർഗ്ഗ കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ 107 കുടുംബക്കാർ വനവിഭവ ശേഖരണാർത്ഥം അടിക്കടി വാസസ്ഥലങ്ങൾ മാറുന്ന ശീലം ഇപ്പോഴും ഉള്ളവരാണ്. ഉദ്യോഗസ്ഥ സംഘം വാർത്തയിൽ ഉണ്ടായിരുന്ന വ്യക്തികളുടെ വീടും സന്ദർശിച്ചു അവരുടെ അവസ്ഥ വിലയിരുത്തി. ഈ സ്ഥലത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും ഭക്ഷ്യ വിതരണ വകുപ്പിന്റെയും സേവനങ്ങൾ കൃത്യമായി എത്തിച്ചേരുന്നുണ്ട്. പ്രസ്തുത കുടുംബത്തിൽ 60 കിലോ ധാന്യങ്ങൾ കരുതൽ ഉണ്ടായിരുന്നു.

സംസ്ഥാനത്തെ ഊരുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് ഓരോ വീട്ടിലും എല്ലാ മാസവും 35 കി.ഗ്രാം ഭക്ഷ്യധാന്യങ്ങൾ വാതിൽപ്പടിയായി വിതരണം ചെയ്യുന്നുണ്ട്. കൂടാതെ 15 കി.ഗ്രാം ജയ അരി, ഒരു കി.ഗ്രാം വെളിച്ചെണ്ണ എന്നിവ അടക്കം 12 ഇനങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് പട്ടികവർഗ്ഗ വികസന വകുപ്പും നൽകുന്നുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ ഇവയുടെ വിതരണം കൃത്യസമയത്ത് തന്നെ നടത്തുകയും ചെയ്തിട്ടുണ്ട്.

ഭക്ഷണമില്ലാത്തതിനാലാണ് അവർ വഴിയരികിൽ ഇരുന്ന് ചക്ക കഴിച്ചത് എന്ന വാർത്ത തികച്ചും വസ്തുതാവിരുദ്ധമാണ്. കേരളത്തിലെ ഒരു പ്രദേശത്തും ആദിവാസി ജനസമൂഹം പട്ടിണി അനുഭവിക്കാതിരിക്കുന്നതിനുള്ള എല്ലാ ഇടപെടലുകളും സർക്കാർ നടത്തിയിട്ടുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന വാർത്തയെ തുടർന്ന് മന്ത്രിമാരായ വീണ ജോർജ് , ജി.ആർ അനിൽ , റാന്നി എം.എൽ.എ പ്രമോദ് നാരായണൻ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ, പത്തനംതിട്ട ജില്ലാ കളക്ടർ എന്നിവരുമായി സംസാരിച്ചു.

പിന്നാക്കം നിൽക്കുന്ന ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ സർക്കാർ സ്വീരിച്ചുവരികയാണ്. ഈ ജനവിഭാഗത്തിന് പിന്തുണ നൽകേണ്ടത് പൊതു സമൂഹമാണെന്നിരിക്കെ,
ശരിയായ അന്വേഷണം നടത്താതെ തെറ്റായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾ യഥാർത്ഥത്തിൽ ഈ ജനവിഭാഗങ്ങളോട് അനീതി കാണിക്കുകയാണ്.

Back to top button
error: