NEWSWorld

ലഡാക്ക് അതിർത്തിയിൽ വിമാനം പറത്തി ചൈനയുടെ പ്രകോപനം; അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ചൈന ശ്രമം നടത്തിയതായി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ അവസാനവാരം കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനയുടെ വിമാനം പറന്നതായും ഇന്ത്യന്‍ വ്യോമസേന സമയോചിതമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മാസങ്ങള്‍ക്കിടെ ലഡാക് സെക്ടറില്‍ ചൈനയുടെ ഇത്തരത്തിലുള്ള വ്യോമാതിര്‍ത്തിലംഘനം ആദ്യമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതിര്‍ത്തിപ്രദേശത്ത് വ്യോമസേന സ്ഥാപിച്ചിട്ടുള്ള റഡാറാണ് ചൈനീസ് വിമാനം കണ്ടെത്തിയത്. കിഴക്കന്‍ ലഡാക്കിലെ അധിനിവേശപ്രദേശത്ത് ചൈനീസ് വ്യോമസേന പരിശീലനം നടത്തുന്നതിടെയാണ് സംഭവം. പരിശീലനത്തിനിടെ പ്രതിരോധ ഉപകരണങ്ങള്‍ പ്രയോഗിക്കുന്നതും ചൈനീസ് വ്യോമസേന തുടര്‍ന്നുവരുന്നു.

വിഷയം ചൈനയുടെ ശ്രദ്ധയില്‍ പെടുത്തിയതായും പിന്നീട് ഇത്തരത്തിലുള്ള പ്രകോപനപരമായ നീക്കങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. ചൈനയുടെ ഭാഗത്തുനിന്നുള്ള നയവിരുദ്ധമായ നീക്കങ്ങള്‍ തടയാന്‍ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി പ്രദേശത്ത് ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: