കോഴിക്കോട്: പാനൽ ബോർഡിലേക്കുള്ള കേബിൾ മാറ്റുന്നതിന്റെ ഭാഗമായി ഗവ.മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിൽ അഞ്ച് മണിക്കൂറോളം വൈദ്യുതി മുടങ്ങി. ഇതോടെ കോവിഡ് പരിശോധനയും പോസ്റ്റുമോർട്ടവും വൈകി. തുടർന്ന് മോർച്ചറിക്കു പുറത്ത് ആളുകൾ ബഹളംവച്ചു.
വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചവരെയാണ് വൈദ്യുതി മുടങ്ങിയത്. ഹൗസ് സർജൻസ് ക്വാർട്ടേഴ്സ് പൊളിക്കുന്നതിനിടെ വൈദ്യുതി പാനൽ ബോർഡിൽ വെള്ളം കയറിയിരുന്നു. ഇതേത്തുടർന്ന് അടിയന്തരമായി കേബിൾ പുതിയ ബോർഡിലേക്കു മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങിയത്. ഇതിനിടെ മൂന്നു മണിക്കൂറോളം യുപിഎസ് ഉപയോഗിച്ചിരുന്നു.
മോർച്ചറിയിൽ ജനറേറ്റർ സൗകര്യം ഉണ്ടെങ്കിലും കോവിഡ് പരിശോധന ഫലം ലഭിക്കാതെ പോസ്റ്റുമോർട്ടം നടത്താനാകില്ലെന്നു പറഞ്ഞതോടെയാണ് ആളുകൾ ബഹളംവച്ചത്. തുടർന്ന് പിപിഇ കിറ്റ് ധരിച്ച് പോസ്റ്റുമോർട്ടം നടത്തി. കോവിഡ് പരിശോധന ഫലം ലഭിച്ച ശേഷമാണ് മൃതദേഹം വിട്ടുനൽകിയത്. എട്ടു പേരുടെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിനായി ഉണ്ടായിരുന്നത്.
അക്കാദമിക് ബ്ലോക്കിലെ വിആർഡിഎൽ ലാബിലേക്കുള്ള വൈദ്യുതി നിലച്ചതിനെ തുടർന്നാണ് കോവിഡ് പരിശോധന നടത്തി പോസ്റ്റുമോർട്ടം ചെയ്യാൻ തടസം നേരിട്ടത്. പിന്നീട് വിആർഡിഎൽ ലാബിൽനിന്ന് സാംപിൾ മൈക്രോബയോളജിയിലെ ടിബി ടെസ്റ്റ് ലാബിലേക്കു മാറ്റി കോവിഡ് പരിശോധന നടത്തി. കോവിഡ് ഫലം ലഭിച്ച ശേഷമാണ് മൃതദേഹങ്ങൾ വിട്ടു കൊടുത്തത്.