ടെഹ്റാന്‍: ഇറാനിലെ മഷാദ് നഗരത്തില്‍ ശിരോവസ്ത്രം ധരിക്കാക്ക സ്ത്രീകള്‍ക്ക് മെട്രോയില്‍ യാത്രാവിലക്ക്. സ്ത്രീകളെല്ലാവരും തലയും കഴുത്തും തലമുടിയും മറയ്ക്കുന്ന രീതിയിലുള്ള ഹിജാബ് ധരിച്ചിരിക്കണമെന്നാണ് 1979 മുതലുള്ള നിയമം. മറ്റ് രാജ്യക്കാര്‍ക്കും ഇതര മതസ്ഥര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ പലരും മുടി പുറത്ത് കാണുന്ന രീതിയില്‍ ഹിജാബ് ധരിക്കാറുണ്ട്.
മഷാദ് ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍, സിറ്റി ഗവര്‍ണര്‍ക്ക് പുതിയ ഉത്തരവിനെ കുറിച്ച് വിശദമായി വിവരിച്ച് കത്തയച്ചിട്ടുണ്ട്. കത്തില്‍ പ്രതിപാദിച്ചത് പ്രകാരം ഹിജാബ് ധരിക്കാതെ സ്ത്രീകള്‍ക്ക് മെട്രോ പ്രവേശനം അനുവദിക്കുന്നില്ല. ഇത് നടപ്പാക്കിയില്ലെങ്കില്‍ അതത് അധികാരികള്‍ വിചാരണ നേരിടേണ്ടി വരും.
ഹിജാബ് ധരിക്കാതെ എത്തിയ സ്ത്രീകള്‍ക്കു സേവനം നല്‍കിയതിനു കോം നഗരത്തിലെ മൂന്ന് കോഫി ഷോപ്പുകള്‍ അധികൃതര്‍ അടപ്പിച്ചിരുന്നു. ഷിറോസ് നഗരത്തില്‍ സംഘടിപ്പിച്ച സ്‌കേറ്റ് ബോര്‍ഡ് പരിപാടിക്കിടെ സ്ത്രീകള്‍ ഹിജാബ് നീക്കം ചെയ്തതിന് സംഘാടകരെയും സ്ത്രീകളെയും അറസ്റ്റ് ചെയ്തതും കഴിഞ്ഞമാസമാണ്.