NEWSWorld

13 വര്‍ഷംമുന്‍പ് നാടുവിട്ട പിതാവിനുവേണ്ടിയുള്ള ആ മകളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പാഴായില്ല; ബഹ്റൈനില്‍നിന്ന് നാട്ടിലേക്ക് തിരിച്ചെത്താന്‍ ദിവസങ്ങളെണ്ണി ചന്ദ്രന്‍

മനാമ: ‘എന്റെ അച്ഛനെ കണ്ടെത്താന്‍ സഹായിക്കാമോ,അവസാന പ്രതീക്ഷയാണ്! പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബഹ്‌റിനിലേക്ക് പോയ അച്ഛനെ കണ്ടെത്താനായി തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ അഞ്ജു ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഏറ്റെടുത്ത് ബഹ്‌റൈനിലെ മലയാളി സംഘം. ബഹ്റൈനിലെ സാമൂഹികപ്രവര്‍ത്തകരും മലയാളികളും ഒത്തുചേര്‍ന്നപ്പോള്‍ അഞ്ജുവിന്റെ അച്ഛന്‍ ചന്ദ്രനെ ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞു കണ്ടെത്തി. ഭാര്യയും മക്കളുമായി ഫോണില്‍ സംസാരിച്ച ചന്ദ്രന്‍ ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്താനുള്ള ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്.

13 വര്‍ഷം മുന്‍പ്, തനിക്ക് ആറു വയസ്സുള്ളപ്പോള്‍ നാടുവിട്ട പിതാവിനെ ഏതുവിധേനയും കണ്ടെത്തി നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നായിരുന്നു നഴ്‌സിങ് വിദ്യാര്‍ഥിനിയായ അഞ്ജു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നാട്ടില്‍ തന്റെ അമ്മക്ക് ജോലിയൊന്നുമില്ലെന്നും തന്റെ ഫീസ് കൊടുക്കുവാന്‍ പോലും നിവൃത്തിയില്ലെന്നും അഞ്ജു സൂചിപ്പിച്ചിരുന്നു. അഞ്ജുവിന്റെ കരളലിയിപ്പിക്കുന്ന വാക്കുകള്‍ മലയാളികള്‍ ഏറ്റെടുത്തു. സാമൂഹിക പ്രവര്‍ത്തകരും മലയാളികളുമടങ്ങുന്ന നിരവധി ഗ്രൂപ്പുകളാണ് അഞ്ജുവിന്റെ പോസ്റ്റിനു പ്രചാരണം കൊടുത്തത്.

Signature-ad

വിവരമറിഞ്ഞ ബഹ്റൈനിലെ സാമൂഹികപ്രവര്‍ത്തകരും തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ കെ. ചന്ദ്രനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ തിരുനിലത്തിന്റെ നേതൃത്വത്തില്‍ ചന്ദ്രനെ കണ്ടെത്തിയത്. മുഹറഖ് സ്വദേശിയായ ശറഫുദ്ദിന്‍, ചന്ദ്രനെക്കുറിച്ചുള്ള ആദ്യ സൂചന നല്‍കിയപ്പോള്‍ തന്നെ സുധീര്‍ മുഹറഖിലുള്ള ചന്ദ്രന്റെ താമസസ്ഥലത്തെത്തി തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടിലുള്ള ഭാര്യയും മക്കളുമായി സംസാരിക്കാനുള്ള അവസരമൊരുക്കി കൊടുത്തു. എല്ലാവരും അതീവ സന്തോഷത്തിലാണ് സംസാരിച്ചതെന്ന് സുധീര്‍ പറഞ്ഞു. ഏതുവിധേനയും നാട്ടിലെത്തിക്കണമെന്നു മാത്രമായിരുന്നു അവരുടെ ആഗ്രഹം.

തുടര്‍ന്നാണ് ചന്ദ്രന്‍ തന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. 2009 ആഗസ്ത് മാസത്തിലാണ് ചന്ദ്രന്‍ ബഹ്‌റൈനിലെത്തിയത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വിസ കാലാവധി തീര്‍ന്നു. പിന്നീട് പുതുക്കാനായില്ല. പാസ്സ്‌പോര്‍ട്ടിന്റെ കാലാവധിയും കഴിഞ്ഞതോടെ നാട്ടില്‍ പോകാനുള്ള ആഗ്രഹമൊക്കെ മാറ്റിവെച്ചു. തുടര്‍ന്നു നിര്‍മാണരംഗത്തു ചെറിയ ജോലികള്‍ ചെയ്തു ജീവിതം തള്ളിനീക്കുകയായിരുന്നു. ഇതിനിടയിലാണ് അഞ്ജുവിന്റെ പോസ്റ്റ് കണ്ട മലയാളി സമൂഹം ചന്ദ്രനെക്കുറിച്ചുള്ള അന്വേഷണമാരംഭിച്ചതും കണ്ടെത്തിയതും.

ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ എംബസ്സിയില്‍ എത്തിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഔട്ട് പാസ് വാങ്ങി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും സുധീര്‍ തിരുനിലത്തു പറഞ്ഞു. എന്നാല്‍ പാസ്സ്‌പോര്‍ട്ടിന്റെ കോപ്പി പോലുമില്ലാത്തതിനാല്‍ ചന്ദ്രന്‍ ഇന്ത്യക്കാരനാണെന്നുള്ള തെളിവുകള്‍വരെ ഹാജരാക്കേണ്ടതുണ്ട്. സല്‍മാനിയ ആശുപത്രിയിലെ റെക്കോര്‍ഡുകളില്‍നിന്നും ഇമ്മിഗ്രേഷന്‍ അധികൃതരില്‍നിന്നുമാണ് ചന്ദ്രനെക്കുറിച്ചുള്ള നാമമാത്രമായ രേഖകളെങ്കിലും ലഭിച്ചത്. ഇനി നാട്ടില്‍നിന്ന് തിരിച്ചറിയല്‍ രേഖ ഹാജരാക്കിയിട്ടു വേണം ചന്ദ്രനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരാന്‍.

നാട്ടില്‍ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന കുടുംബം ഒരു ചെറു കൂരയിലാണ് താമസിക്കുന്നത്. അഞ്ജുവിന്റെ തുടര്‍വിദ്യാഭ്യാസത്തിനും പണം കണ്ടെത്തേണ്ടതുണ്ട്. എല്ലാത്തിനും വഴിയുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സുധീറും സാമൂഹ്യപ്രവര്‍ത്തകരും.

Back to top button
error: