HealthLIFE

പാലോ പാല് ഉല്‍പ്പന്നങ്ങളോ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പാല്‍- പാലുത്പന്നങ്ങള്‍ എന്നിവ ഒരു വീട്ടില്‍ ഒഴിച്ചുനിര്‍ത്താൻ സാധിക്കാത്ത ഭക്ഷണസാധനങ്ങളാണ്. എണ്ണമറ്റ ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ പാലോ പാലുത്പന്നങ്ങളോ മാറ്റിവച്ചുകൊണ്ടുള്ള ഡയറ്റ് ആരോഗ്യത്തെ കുറിച്ച് ചിന്തയുള്ളവര്‍ക്ക് സാധ്യമല്ല. എന്നാല്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങളുള്ളവര്‍ നിര്‍ബന്ധമായും പാലോ പാലുത്പന്നങ്ങളോ ഒഴിവാക്കേണ്ടതുണ്ട്. ഇത് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്നതുമാണ്.

എന്തായാലും പാലും പാലുത്പന്നങ്ങളും വാങ്ങിക്കാതെയോ ഉപയോഗിക്കാതെയോ നമുക്ക് സാധാരണഗതിയില്‍ ഒരു ദിവസം പോലും കടന്നുപോകാനാകില്ല. അത്രയും അവശ്യവസ്തുക്കളായ ഇവ വാങ്ങിക്കുമ്പോള്‍ ചില കാര്യങ്ങളെല്ലാം ഓര്‍ക്കുന്നത് നല്ലതാണ്. അത്തരത്തിലുള്ള ഏറ്റവും ലളിതമായ മൂന്ന് കാര്യങ്ങളാണിനിപങ്കുവയ്ക്കുന്നത്.

  • ഒന്ന്

എപ്പോഴും ബ്രാൻഡഡ് ഉത്പന്നങ്ങള്‍ക്ക് പിറകെ തന്നെ പോകാതെ കഴിയുന്നതും നമുക്ക് ചുറ്റുപാടുമായി പ്രവര്‍ത്തിക്കുന്ന ഫാമുകളില്‍ നിന്ന് തന്നെ പാലോ പാലുത്പന്നങ്ങളോ വാങ്ങി ശീലിക്കാം. ഇത് കുറെക്കൂടി ആരോഗ്യകരമായ ഉത്പന്നങ്ങള്‍ ( Dairy Products )  ലഭ്യമാക്കാൻ സഹായിക്കും. മാത്രമല്ല, പ്രോസസിംഗ് എന്ന ഘട്ടത്തിലൂടെ പോകാത്തത് കൊണ്ട് തന്നെ ‘ഫ്രഷ്’ ആയ ഉത്പന്നങ്ങളുമായിരിക്കും ഇത്. 

  • രണ്ട്

പുല്ല് തന്നെ ഫീഡായി നല്‍കുന്ന പശുക്കളില്‍ നിന്നുള്ള പാലാണ് ഏറ്റവും ഗുണകരം. ഇക്കാര്യങ്ങളൊന്നും നാം ഒരിക്കലും ചിന്തിക്കാറുള്ളതായിരിക്കില്ല. എന്നാല്‍ ഇതും പരിഗണിക്കാവുന്നതാണ്. നേരത്തെ പറഞ്ഞത് പോലെ അറിയാവുന്ന ഫാമുകളെ തന്നെ ആശ്രയിക്കുന്നതിലൂടെ ഇക്കാര്യം കൂടി പരിഗണനയിലെടുക്കാം. 

  • മൂന്ന്

ലോക്കല്‍ ബ്രാന്‍ഡുകളെ തന്നെ കൂടുതല്‍ ആശ്രയിക്കുന്നതിലൂടെ രണ്ട് മെച്ചങ്ങളുണ്ട്. ഒന്ന് കുറെക്കൂടി ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ തന്നെ നമുക്ക് ഉപയോഗിക്കാം. രണ്ട് അത് നമ്മുടെ സാമ്പത്തികാവസ്ഥയെ ‘പോസിറ്റീവ്’ ആയ രീതിയില്‍ സ്വാധീനിക്കും. അതായത് പുറത്തുള്ള ബ്രാൻഡുകള്‍ക്ക് പോകുന്ന പണം നമ്മുടെ ചുറ്റുമുള്ള ചെറിയ സംരംഭകര്‍ക്ക് തന്നെ പോകും. എന്നുവച്ചാല്‍ നമ്മുടെ ചുറ്റുപാടുള്ള സാമ്പത്തികസാഹചര്യം തന്നെ മെച്ചപ്പെടും. അത് ക്രമേണ നമുക്കും പ്രയോജനപ്പെടും. 

Back to top button
error: