റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ എല്ലാ ബാങ്കുകളും വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇങ്ങനെ പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലും 1 ശതമാനം പലിശ നിരക്കില്‍ വായ്പ്പ ലഭിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനെ കുറിച്ചാണ് വിശദമാക്കുന്നത്. ഇതില്‍ നിക്ഷേപത്തിനൊപ്പം നികുതിയിളവുകളും ലഭിക്കുന്നുണ്ട്. വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാം. ചുരുങ്ങിയത് 500 രൂപയാണ് വര്‍ഷത്തില്‍ നിക്ഷേപിക്കേണ്ടത്. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി. ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതയിളവുണ്ട്. നിലവില്‍ 7.1 ശതമാനമാണ് പലിശ.
ഇതിനുംപുറമെ അത്യാവശ്യ ഘട്ടങ്ങളില്‍ പണം കണ്ടെത്താനുള്ള മാര്‍ഗ്ഗമായും പിപിഎഫ് നിക്ഷേപങ്ങളെ കാണാം. നിക്ഷേപം ആരംഭിച്ച് 3മത്തെ സാമ്പത്തിക വര്‍ഷത്തിനും ആറാമത്തെ സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് വായ്പ ലഭിക്കും. 1ശതമാനം പലിശ എന്നതാണ് ഇതിന്റെ നേട്ടം. ഹൃസ്വകാലത്തേക്കാണ് പിപിഎഫില്‍ നിന്ന് വായ്പ്പ ലഭിക്കുക. 36 മാസത്തിനുള്ളില്‍ തുക തിരിച്ചടയ്ക്കണം. വായ്പ്പ ലഭിക്കുന്നതിന് അക്കൗണ്ട് ഉടമ ഫോം ഡി സമര്‍പ്പിക്കണം. അക്കൗണ്ട് നമ്പര്‍, വായ്പ തുക എന്നിവ വ്യക്തമാക്കി ഒപ്പിട്ട് പാസ് ബുക്കും ചേര്‍ത്ത് അക്കൗണ്ട് ഉള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സമര്‍പ്പിക്കണം. പിപിഎഫിലെ വായ്പയ്ക്ക് 1 ശതമാനം പലിശയാണ് ഈടാക്കുക. കാലാവധിയായ 36 മാസത്തേക്കാണ് ഈ നിരക്ക്. കാലാവധിയ്ക്കുള്ളില്‍ വായ്പ്പ തിരിച്ചടച്ചില്ലെങ്കില്‍ 6 ശതമാനം പലിശ ഈടാക്കും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു വായ്പ മാത്രമെ അനുവദിക്കുകയുള്ളൂ. ആദ്യത്തെ വായ്പ തിരിച്ചടച്ചതിന് ശേഷം മാത്രമെ രണ്ടാമതൊരു വായ്പ ലഭിക്കുകയുള്ളൂ.
പിപിഎഫ് അക്കൗണ്ടിലെ ആകെ നിക്ഷേപത്തിന്റെ 25 ശതമാനമാണ് വായ്പയെടുക്കാന്‍ അനുവദിക്കുക. വായ്പ തിരിച്ചടവ് കാലയളവില്‍ വായ്പ തുക കുറച്ചിട്ടാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് പലിശ കണക്കാക്കുന്നത്. വായ്പയെടുക്കാന്‍ ആക്ടീവ് പിപിഎഫ് അക്കൗണ്ട് വേണം. വര്‍ഷത്തില്‍ 500 രൂപയില്‍ കുറയാത്ത നിക്ഷേപം നടത്താതിരുന്നാല്‍ അക്കൗണ്ട് പ്രവര്‍ത്തന രഹിതമാകും. ശേഷം അക്കൗണ്ടുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ രേഖാമൂലം അപേക്ഷ നല്‍കി അക്കൗണ്ട് പുനരാരംഭിക്കാം. പ്രവര്‍ത്തന രഹിതമായിരിക്കുന്ന കാലത്ത് വര്‍ഷത്തില്‍ 50 രൂപ പിഴ ഈടാക്കും. പ്രവര്‍ത്തന രഹിതമായ അക്കൗണ്ടില്‍ നിന്ന് വായ്പ ലഭിക്കില്ലെന്ന കാര്യം ശ്രദ്ധിക്കണം.
ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വായ്പ കാലയളവില്‍ പലിശ കണക്കാക്കുന്നത് വായ്പ തുക കിഴിച്ചുള്ള പണത്തിനാണ്. ഇത്തരത്തില്‍ വായ്പ എടുക്കുന്നത് വഴി പലിശയ്ക്ക് മുകളില്‍ ലഭിക്കുന്ന ആദായ നികുതിയിളവ് നഷ്ടമാകും. വളരെ ചെറിയ അളവിലുള്ള തുക മാത്രമെ വായ്പയായി ലഭിക്കുകയുള്ളൂ. നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. ഇതുവെച്ച് വര്‍ഷത്തില്‍ 1.5 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് ആറാം സാമ്പത്തിക വര്‍ഷത്തില്‍ ആകെ നിക്ഷേപം 8.7 ലക്ഷമാണ് ലഭിക്കുക. ഇതിന്റെ 25 ശതമാനമായ 2.1 ലക്ഷം രൂപയാണ് പരമാവധി ലഭിക്കുന്ന വായ്പ.