KeralaNEWS

വീട്ടില്‍ സ്റ്റീൽ ബോംബ് സ്‌ഫോടനം: അച്ഛന് പിന്നാലെ മകനും മരണത്തിന് കീഴടങ്ങി

കണ്ണൂർ: വീട്ടിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അച്ഛനും മകനും കൊല്ലപ്പെട്ടു. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം വീട്ടിൽ കൊണ്ടുപോയി തുറന്നപ്പോഴായിരുന്നു പൊട്ടിത്തെറി. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് മട്ടന്നൂരിനടുത്ത് കാശിമുക്കിൽ വാടക വീട്ടിൽ സ്ഫോടനം ഉണ്ടായത്. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീടായിരുന്നു.

ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി അയൽക്കാരാണ് ആദ്യം കണ്ടത്. പൊലീസും എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസൽ ഹഖ് (50) ആണ് സ്ഫോടനസ്ഥലത്ത് വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശഹീദുൾ 22 ആശുപത്രിയിൽ വച്ചും മരിച്ചു. പൊലീസ് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി.

വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പ് മുറിയിൽ വച്ചാണ് സ്ഫോടനം നടന്നത്. പൊട്ടിത്തെറിയിൽ ഓടിട്ട വീടിന്റെ മേൽക്കൂര അപ്പാടെ ദൂരത്തേക്ക് തെറിച്ച് പോയി. സ്ഥലത്ത് പരിശോധന നടത്തിയ കൂത്തുപറമ്പ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ബാബു കണ്ണിപ്പൊയിലിന്റെ വാക്കുകൾ ഇങ്ങനെ. ”അസമിലെ ബാർപേട്ട ജില്ലയിലെ സോ‍ർബോഗ് എന്ന സ്ഥലത്തുനിന്നുള്ളവരാണിത്. അഞ്ചംഗ സംഘം കഴിഞ്ഞ മൂന്ന് മാസമായി കാശിമുക്കിൽ വാടകയ്ക്ക് താമസിക്കുകയായണ്.

പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളുമൊക്കെ വീടുകളിൽ പോയി ശേഖരിച്ച് കൊണ്ടുവന്ന് കച്ചവടം നടത്തിയാണ് ഇവരുടെ ഉപജീവനം. ഓരോ ആളും വ്യത്യസ്ഥ സ്ഥലങ്ങളിൽ പോയാണ് ആക്രി ശേഖരിക്കുന്നത്. ഇന്ന് ശഹീദുളിന് കിട്ടിയ മൂടിയുള്ള സ്റ്റീൽ പാത്രം ഇയാൾ വീട്ടിലേക്ക് കൊണ്ടുവന്നു. മുറിയിൽ അച്ഛൻ ഫസൽഹഖിനടുത്തിരുന്ന് ഇയാൾ പാത്രത്തിന്റെ മൂടി തുറന്നപ്പോൾ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

ശഹീദുളിന്റെ കൈപ്പത്തി അറ്റുപോയിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോൾ വീടിന്റെ താഴത്തെ നിലയിൽ മൂന്ന്പേരുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റിട്ടില്ല” മട്ടന്നൂർ പൊലീസും ഡോഗ് സ്ക്വാഡും പ്രദേശത്ത് വിശദമായ പരിശോധന നടത്തി. സ്ഫോടനത്തിൽ കേസ് രജിസ്റ്റർ ചെയ്ത മട്ടന്നൂർ പൊലീസ് അസം സ്വദേശികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും വിശദമായ മൊഴിയെടുത്തു. എവിടെ നിന്ന് ആക്രി പെറുക്കുമ്പോഴാണ് ഈ സ്റ്റീൽ ബോംബ് കിട്ടിയതെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല.

കുറ്റിക്കാട്ടിലോ ആളൊഴിഞ്ഞ പറമ്പിലോ ഒളിപ്പിച്ചുവച്ച സ്റ്റീൽ ബോംബ് സ്റ്റീൽ പാത്രമാണെന്ന് കരുതി എടുത്തതാകാമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ അനുമാനം. സിപിഎം, ബിജെപി, ലീഗ് പ്രവർത്തകർക്ക് ഒരുപോലെ സ്വാധീനമുള്ള പ്രദേശമാണിത്. മട്ടന്നൂർ ടൗണിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരെ ഇരിട്ടി റൂട്ടിലാണ് കാശിമുക്ക് എന്ന സ്ഥലം.

Back to top button
error: