ഹരിപ്പാട്: ദേശീയപാതയില്‍ കരുവാറ്റ കടുവന്‍കുളങ്ങര ജങ്ഷനില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഉള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് ഒന്നരമണിക്കൂര്‍ നീണ്ട പ്രയത്നത്തിനു ശേഷം. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം.
പഞ്ചസാരയുമായി പോയ ലോറിയിലെ സഹായി മൈസൂര്‍ സ്വദേശി ഗജേദ്രറാവു, കൊല്ലം എഴുകോണ്‍ സ്വദേശി പ്രസാദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. െമെസൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് പഞ്ചസാരയുമായി പോയ ലോറിയും തിരുവനന്തപുരത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഇന്‍സുലേറ്റഡ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ പ്രസാദിനെ ഏറെ പരിശ്രമത്തിനൊടുവില്‍ ഒന്നരമണിക്കൂറിനുശേഷം അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ലോറി വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാസേനയുടെ രണ്ടു യൂണിറ്റും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് ഇന്‍സുലേറ്റഡ് ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.