KeralaNEWS

വേമ്പനാട്ടുകായലില്‍ കാറ്റില്‍പ്പെട്ട് വള്ളം തലകീഴ്മറിഞ്ഞു; അഞ്ച് ജീവനുകള്‍ക്ക് തുണയായത് ജലഗതാഗത വകുപ്പ് ജീവനക്കാര്‍

ആലപ്പുഴ: വേമ്പനാട്ടു കായലില്‍ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ജലഗതാഗത വകുപ്പ് ജീവനക്കാര്‍. ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. കുമരകത്തുനിന്നും മത്സ്യബന്ധനത്തിനുപോയ തൊഴിലാളികളുടെ വള്ളമാണ് വേമ്പനാട്ടുകായലില്‍ ശക്തമായ കാറ്റില്‍പ്പെട്ട് തലകീഴായി മറിഞ്ഞത്.

മുഹമ്മയില്‍നിന്നും കുമരകത്തേക്ക് രാവിലെ 11ന് പുറപ്പെട്ട എസ് 52 ബോട്ടിലെ ബോട്ട് മാസ്റ്റര്‍ ടി.എ. ബിന്ദു രാജ്, സ്രാങ്ക് എം.ബി. െഷെന്‍ കുമാര്‍, ഡ്രൈവര്‍ ഇ.എ. അനസ്, ലസ്‌കര്‍മാരായ കെ.പി. പ്രശാന്ത്, ടി. രാജേഷ്, സ്രാങ്ക് പി.എന്‍ ഓമനക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

മത്സ്യത്തൊഴിലാളികളായ കുഞ്ഞുമോന്‍ കുട്ടുവടി, രാജു കുല്‍പ്പറച്ചിറ, അനൂപ് കായ്ത്തറ, സാബു നടുചിറ, ഷിജു തോപ്പില്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്ക് പ്രഥമ ശൂശ്രൂഷ നല്‍കി വിട്ടയച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ ജീവനക്കാരെ സ്റ്റേഷന്‍ മാസ്റ്റര്‍ ഷാനവാസ് ഖാന്റെ നേതൃത്വത്തില്‍ ആദരിച്ചു.

Back to top button
error: