CrimeNEWS

മറന്നുവച്ച ഹെല്‍മറ്റെടുക്കാന്‍ ചെന്ന യുവാവിന് ബാറില്‍ ക്രൂരമര്‍ദനം; കേസില്‍പ്പെടുത്തുമെന്ന് ഭീഷണി

അമ്പലപ്പുഴ: സ്വകാര്യ ബാറില്‍ ജീവനക്കാരുടെ ഗുണ്ടായിസത്തില്‍ യുവാവിന് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. മദ്യം വാങ്ങാനെത്തിയ അമ്പലപ്പുഴ കരുമാടി സ്വദേശിയായ ഇരുപത്തെട്ടുകാരനെയാണ് അമ്പലപ്പുഴ ജങ്ഷന് കിഴക്കുഭാഗത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറിലെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവ് കഴിഞ്ഞ ദിവസം രാത്രിയില്‍ ബിയര്‍ വാങ്ങാന്‍ ബാറിലെത്തിയപ്പോള്‍ സുഹൃത്തുക്കളുമായി സംസാരിച്ചു. ഈ സുഹൃത്തുക്കള്‍ നേരത്തെ ബാറിലെ ജീവനക്കാരുമായി വാക്കു തര്‍ക്കം നടത്തിയിരുന്നു. പിന്നീട് യുവാവ് ബിയര്‍ വാങ്ങി ഇറങ്ങിയപ്പോള്‍ മറന്നു വെച്ച തന്റെ ഹെല്‍മറ്റ് എടുക്കാനായി തിരികെ ബാറില്‍ച്ചെന്നപ്പോള്‍ ഹെല്‍മറ്റ് കണ്ടില്ല.

ഇത് ചോദിച്ചപ്പോള്‍ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ ചേര്‍ന്ന് ലാത്തിക്ക് സമാനമായ ആയുധമുപയോഗിച്ച് തലയ്ക്കും പുറത്തും മര്‍ദിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. കൂടാതെ കുരുമുളക് പൊടി മുഖത്ത് വിതറുകയും ചെയ്തു. തൊട്ടടുത്ത ദിവസം അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് ശേഷം പ്രതികളെ തിരിച്ചറിയുകയും ചെയ്തു.

എന്നാല്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച നാല് പ്രതികളെയും സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു. പിന്നീട് ഈ പ്രതികള്‍ താനില്ലാത്ത സമയത്ത് വീട്ടിലെത്തി തന്റെ മാതാവിനെയും സഹോദരിയേയും ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. പരാതിയും കേസുമായി മുന്നോട്ടു പോയാല്‍ ബാറില്‍ അക്രമം നടത്തി നഷ്ടമുണ്ടാക്കിയെന്ന പേരില്‍ കേസിലുള്‍പ്പെടുത്തുമെന്ന ഭീഷണിയും ഇവര്‍ മുഴക്കിയതായും പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും യുവാവ് പറഞ്ഞു.

Back to top button
error: