LIFESocial Media

ഒന്ന് നടു നിവര്‍ത്തണം!, സഫാരി സവാരിയില്‍ പുള്ളിപ്പുലിയുടെ മാസ് എന്‍ട്രി, വീഡിയോ വൈറല്‍

റെ ഭയപ്പെടുന്ന വന്യമൃഗങ്ങളെ അടുത്തുകാണുകയെന്നത് അല്‍പ്പം റിസ്‌കുള്ള കാര്യമാണെങ്കിലും സംഗതി നടന്നാല്‍ അത് ഒരു ഒന്നൊന്നര അനുഭവമാകുമെന്നതില്‍ സംശയമില്ല. പൊതുവെ വന്യമൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്, അതിനി സിംഹമായാലും, ആനയായാലും, പുലിയായാലും ശരി. അതേസമയം അത്തരം വീഡിയോകള്‍ കാണുമ്പോള്‍ അറിയാതെ നമ്മുടെ മനസ്സില്‍ ചെറിയൊരു ഭയം തോന്നാം.

എന്നാല്‍, ഈ വീഡിയോകളിലൂടെയല്ലാതെ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷം അത് നമ്മുടെ മുന്നില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടാലോ? ഒരു ആഫ്രിക്കന്‍ സഫാരിക്കിടയില്‍ യാത്രക്കാരുടെ വാഹനത്തില്‍ ചാടിക്കയറുന്ന ഒരു പുലിയുടെ അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലാണ്. ടാന്‍സാനിയയിലെ സെരെന്‍ഗറ്റി നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് അത്. സഫാരി യാത്രികരും, ഒരു പുള്ളിപ്പുലിയും തമ്മിലുള്ള രസകരമായ ഒരു കൂടിക്കാഴ്ചയാണ് അതിന്റെ ഉള്ളടക്കം.

സഫാരിക്കിടെ ആളുകള്‍ ഇരിക്കുന്ന ഒരു വാഹനത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ ചാടിക്കയറുന്ന ഒരു പുള്ളിപ്പുലിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. തങ്ങള്‍ ഇരിക്കുന്ന വാഹനത്തിന്റെ പുറകില്‍ പെട്ടെന്ന് ഒരു പുലിയെ കണ്ടതും ആളുകള്‍ അമ്പരന്നു. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അവര്‍ പകച്ചു. എന്നാല്‍, ഭാഗ്യത്തിന് മനുഷ്യരുമായി ഏറെ ഇണങ്ങിയ ഒരു പുലിയായിരുന്നു അത്. അതുകൊണ്ട് തന്നെ അതിന് ആളുകളെ കണ്ടിട്ടും ഭാവഭേദമൊന്നുമുണ്ടായില്ല.

വാഹനത്തിന്റെ പുറകില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ടയറുകളില്‍ നാല് കാലുകള്‍ ഊന്നി അത് നന്നായൊന്ന് നടുനിവര്‍ത്തി. തുടര്‍ന്ന് അത് വാഹനത്തില്‍ പിടിച്ച് അതിന്റെ മുകളിലേയ്ക്ക് കയറി. എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ അതിന് മുകളില്‍ ശാന്തനായി കിടന്നു. ഇതിനിടയില്‍ വിനോദസഞ്ചാരികള്‍ പുള്ളിപ്പുലിയുടെ ചേഷ്ടകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ സമയമത്രയും, പുലി വിനോദസഞ്ചാരികള്‍ക്ക് ഒരു ഭീഷണിയും സൃഷ്ടിച്ചില്ല. അവരെ ഉപദ്രവിച്ചതുമില്ല.

പുള്ളിപ്പുലിയും, സഫാരി യാത്രികരും തമ്മിലുള്ള അസാധാരണമായ ഈ കൂടിക്കാഴ്ച്ച ട്വിറ്ററില്‍ പങ്ക് വച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുരേന്ദര്‍ മെഹ്റയാണ്. ‘മാന്‍ ഇന്‍ വൈല്‍ഡ്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഓണ്‍ലൈനില്‍ പങ്കുവച്ചിരിക്കുന്നത്. അതിന് പിന്നാലെ, വീഡിയോ ഇപ്പോള്‍ വൈറലായി തീര്‍ന്നിരിക്കയാണ്.

ഇത്ര ശാന്തനായ ഒരു പുലിയെ കണ്ട് ആളുകള്‍ അമ്പരന്നു പോയി. വീഡിയോ കണ്ട ഉപയോക്താക്കള്‍ നിരവധി പോസറ്റീവ് കമന്റുകളാണ് പങ്കുവച്ചിരിക്കുന്നത്. ”എത്ര രസകരമാണ്! പുലി എന്ത് ശാന്തനാണ്!” ഒരാള്‍ അഭിപ്രായപ്പെട്ടു. മറ്റൊരാള്‍ വിനോദസഞ്ചാരികള്‍ക്ക് ഇത് മറക്കാനാവാത്ത അനുഭവമായിരുന്നിരിക്കണം എന്നും എഴുതി.

Back to top button
error: