FeatureLIFE

”താത്തീത്തക തിത്തിത്തെയ്…” ചിറക്കടവിന്റെ ആത്മാവിലലിഞ്ഞ വായ്ത്താരിയും താളച്ചുവടും; വേലകളിയെ പ്രശസ്തിയിലേക്കുയര്‍ത്തിയ ആചാര്യന്‍ അപ്പു ആശാന്‍

ചിറക്കടവ് (കോട്ടയം): ”താത്തീത്തക തിത്തിത്തെയ്…” ചിറക്കടവിന്റെ ആത്മാവിലലിഞ്ഞ വായ്ത്താരിയും താളച്ചുവടുമാണിത്. ഒരേസമയം ആയോധനകലാരൂപവും ക്ഷേത്രകലയുമായ വേലകളിയുടെ അടിസ്ഥാനതാളം. ആ കലാരൂപത്തെ പ്രശസ്തിയിലേക്കുയര്‍ത്തിയ ആചാര്യനെന്ന നിലയിലാണു കഴിഞ്ഞദിവസം അന്തരിച്ച ചിറക്കടവ്, കുഴിപ്പള്ളാത്ത് കെ.എസ്. ഗോപാലകൃഷ്ണപിള്ള (അപ്പു ആശാന്‍-77) അറിയപ്പെട്ടിരുന്നത്. അരനൂറ്റാണ്ടിലേറെയായി തലമുറകള്‍ക്കു താളവും ചുവടും പകര്‍ന്നുകൊടുത്ത വേലകളി ആശാന്‍ മാത്രമല്ല, അറിവിന്റെ ആദ്യക്ഷരം കുറിപ്പിച്ച നിലത്തെഴുത്തുകളരി ആശാനും മതപാഠശാല അധ്യാപകനുമായിരുന്നു അദ്ദേഹം. വിവിധ തലമുറകളിലായി എണ്ണിയാല്‍ തീരാത്തത്ര ശിഷ്യസമ്പത്തിനുടമ. ശിഷ്യര്‍ക്കു മാത്രമല്ല, നാട്ടുകാര്‍ക്കാകെയും അദ്ദേഹം അപ്പു ആശാനായിരുന്നു.

അന്യംനിന്നു പോകുമായിരുന്ന വേലകളിയെന്ന അനുഷ്ഠാനകലാരൂപത്തെ ചിറക്കടവ് ശ്രീമഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട് ഇന്നും സജീവമായി നിലനിര്‍ത്തുന്നതില്‍ അപ്പു ആശാന്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ തേടി ഫോക്‌ലോര്‍ അക്കാദമിയുടെ പുരസ്‌കാരമെത്തിയപ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. അമ്പലപ്പുഴ വേലകളിയില്‍നിന്നു വ്യത്യസ്തമായി, ചിറക്കടവില്‍ വേലകളി അഭ്യസിക്കുന്നതും മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുമുമ്പില്‍ അവതരിപ്പിക്കുന്നതും ബാലന്‍മാരാണ്.

ഈ അനുഷ്ഠാനകലാരൂപങ്ങള്‍ അഭ്യസിപ്പിക്കാന്‍ ചിറക്കടവ് കേന്ദ്രീകരിച്ച് രണ്ട് കളരികളാണുള്ളത്. തെക്കുംഭാഗം വേലകളിസംഘവും വടക്കുംഭാഗം വേലകളിസംഘവും. അവതരണത്തില്‍ അവലംബിക്കുന്ന വ്യത്യസ്തശൈലികളും മത്സരബുദ്ധിയുംകൊണ്ട് ഇരുകൂട്ടരും ഉത്സവവേളകളില്‍ ആസ്വാദകരുടെയും ഭക്തരുടെയും മനംനിറയ്ക്കുന്നു. തെക്കുംഭാഗം വേലകളി സംഘത്തിന്റെ ആചാര്യനായിരുന്നു അപ്പു ആശാന്‍. ഇരിക്കാട്ട് കുട്ടപ്പന്‍നായരുടെ ശിക്ഷണത്തില്‍ വടക്കുംഭാഗവും അപ്പു ആശാന്റെ ശിക്ഷണത്തില്‍ തെക്കുംഭാഗവും ഒന്‍പത്, പത്ത് ഉത്സവനാളുകളില്‍ അവതരിപ്പിക്കാറുള്ള കൂടിവേല നയനാഭമായ കാഴ്ചയായിരുന്നു.

നിലത്തെഴുത്ത് ആശാനെന്ന നിലയില്‍ കളരിയില്‍ എത്തുന്ന കുട്ടികളെ മാത്രമല്ല, അതിനു സൗകര്യമില്ലാത്ത കുട്ടികളെ വീടുകളില്‍ച്ചെന്നും ആശാന്‍ പഠിപ്പിച്ചിരുന്നു.
ചിറക്കടവ് മഹാദേവക്ഷേത്രത്തോടനുബന്ധിച്ചുള്ള മതപാഠശാലയില്‍ പുതുതലമുറയ്ക്ക് ആധ്യാത്മികമൂല്യങ്ങള്‍ പകര്‍ന്നുകൊടുത്ത സ്‌നേഹസമ്പന്നനായ ഗുരുനാഥനുമായിരുന്നു അദ്ദേഹം. പ്രായത്തിന്റെ അവശതകളും കാഴ്ചക്കുറവും അലട്ടിയ അവസാനനാളുകളിലും അപ്പു ആശാന്‍ വേലകളി പരിശീലനക്കളരിയിലും ഉത്സവവേളകളിലും കുട്ടികള്‍ക്കൊപ്പം നിറസാന്നിധ്യമായിരുന്നു. കാഴ്ചയ്ക്കു മങ്ങലുണ്ടെങ്കിലും ശിഷ്യരെ ശബ്ദംകൊണ്ടു തിരിച്ചറിഞ്ഞ് പേരുചൊല്ലിവിളിച്ചിരുന്നു. ”മുല്ലപ്പൂബാണന്റെ ഭാര്യമാരാകിയ മല്ലാക്ഷിമാരവര്‍ ഒത്തുകൂടി…’, ”മാനശാലികളാകും പാണ്ഡവരിവണ്ണം വന്‍കാട്ടില്‍…” എന്നിങ്ങനെ ചിറക്കടവിലെ ഉത്സവസന്ധ്യകളില്‍ ആശാന്റെ പരിചമുട്ടുകളിപ്പാട്ടിന് ആരാധകരും അതിനൊത്ത് ശിഷ്യരുടെ താളനിബദ്ധമായ ചുവടുകള്‍ക്ക് ആസ്വാദകരും ഏറെയായിരുന്നു.

വൃശ്ചികസന്ധ്യകളില്‍ ആശാനും മതപാഠശാലയിലെ ശിഷ്യരും ഭജനപ്പാട്ടുകള്‍ പാടി ക്ഷേത്രത്തിനു വലംവയ്ക്കുന്നതും ഭക്തരുടെ മനസിലെ മായാത്ത ഓര്‍മകളാണ്.
കളരിയില്‍നിന്നു കച്ചകെട്ടി ഇറങ്ങുമ്പോഴും ദേവനുമുന്നില്‍ കലാശക്കളിക്കുശേഷവും അപ്പു ആശാന്റെ കാല്‍തൊട്ടു വന്ദിച്ച് ശിഷ്യര്‍ അനുഗ്രഹം വാങ്ങുന്ന കാഴ്ച അടുത്ത ഉത്സവത്തിനുണ്ടാവില്ലല്ലോ എന്ന സങ്കടത്തിലാണു ചിറക്കടവ് നിവാസികള്‍. ആശാന്റെ പ്രിയശിഷ്യന്‍ പി.കെ. വിനോദിന്റെ നേതൃത്വത്തിലാണിപ്പോള്‍ തെക്കുംഭാഗം വേലകളിസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അപ്പു ആശാനില്ലാതെ ചിറക്കടവിന്റെ ചരിത്രം പൂര്‍ണമാകില്ല. നൂറുകണക്കിനു ശിഷ്യരിലൂടെ ആ ചരിത്രവും പാരമ്പര്യവും വേലകളിയുടെ പ്രശസ്തിയും അഭംഗുരം തുടരും. അതുതന്നെയാകും അദ്ദേഹത്തിനുള്ള ഗുരുദക്ഷിണ.

ഭാര്യ: സരസമ്മ, മകള്‍: തുളസി ഗോപാലകൃഷ്ണന്‍. മരുമകന്‍: സുമേഷ് നായര്‍. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു വീട്ടുവളപ്പില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ രാഷ്ട്രീയ-സാംസ്‌കാരികരംഗത്തെ പ്രമുഖരും ശിഷ്യരുമുള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു.

 

Back to top button
error: