കൊച്ചി: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് എം.പി.യും കേരള കോണ്‍ഗ്രസ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ്. നീതിക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാന്‍ താനും തന്റെ പാര്‍ട്ടിയും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിലപാടിന് വിരുദ്ധമായ പരാമര്‍ശമാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായത്.
റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടാനായി മുനമ്പത്തെ ജനങ്ങള്‍ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന റിലേ നിരാഹാര സത്യാഗ്രഹ സമരത്തില്‍ അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസിന്റെ (ആക്ട്‌സ്) നേതൃത്വത്തില്‍ ആരംഭിച്ച 24 മണിക്കൂര്‍ രാപ്പകല്‍ സമരത്തിന്റെ സമാപനം 101-ാം ദിനത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര വഖഫ് നിയമത്തെ പാര്‍ലമന്റില്‍ പിന്തുണക്കും. ഒരു ജനപ്രതിനിധി എന്ന നിലയിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖ്ഫ് നിയമത്തോട് നൂറ് ശതമാനം യോജിക്കുന്നു. തന്റെയും പാര്‍ട്ടിയുടെയും സുവ്യക്തമായ നിലപാട് അതാണ്. പാര്‍ലമെന്റില്‍ ബില്‍ വരുമ്പോള്‍ ആ നിലപാട് തങ്ങള്‍ വ്യക്തമാക്കി പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുനമ്പത്ത് സ്വാഭാവിക നീതി ഉറപ്പാക്കണം. അതില്‍ മായം ചേര്‍ക്കരുത്. അക്കാര്യത്തില്‍ വളരെ ഉറച്ച നിലപാടുകാരാണ് തങ്ങള്‍. ബില്ലിന്റെ ചര്‍ച്ച നടക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ ഉറച്ച നിലപാട് സ്വീകരിക്കും. അതിലൂടെ ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിയും. കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ഈ ബില്ല് അവതരണത്തില്‍നിന്ന് പിന്നോട്ടുപോവരുതെന്നും അദ്ദേഹം അറിയിച്ചു.