KeralaNEWS

അശ്രദ്ധ, അനാസ്ഥ, ചികിത്സാപ്പിഴവ്; പാലക്കാട്ട് നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ 3 ഡോക്ടര്‍മാര്‍ക്കെതിരേ കേസ്

പാലക്കാട്: പ്രസവത്തിനിടെ നവജാതശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്തു. ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും ആണ്‍ കുഞ്ഞുമാണ് പാലക്കാട് പടിഞ്ഞാറേ യാക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയില്‍ മരിച്ചത്. കുഞ്ഞ് ഞായറാഴ്ചയും ഐശ്വര്യ തിങ്കളാഴ്ചയുമാണ് മരിച്ചത്.

ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രദ്ധയും അനാസ്ഥയും ചികിത്സാപ്പിഴവും കൊണ്ടാണ് ഇരുവരും മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരായ അജിത്, നിള. പ്രിയദര്‍ശിനി എന്നിവര്‍ക്കെതിരെ ചികിത്സാ പിഴവിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Signature-ad

ആറു ദിവസം മുന്‍പാണ് പ്രസവ വേദനയെ തുടര്‍ന്ന് 23 വയസുകാരി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് തവണ മരുന്നു വച്ച ശേഷമാണ് സര്‍ജറിയിലേക്ക് ഡോക്ടര്‍മാര്‍ പോയതെന്നും സീസേറിയന്‍ വേണമെന്ന് ആദ്യം തന്നെതങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഐശ്വര്യയുടെ ബന്ധുക്കള്‍ പറയുന്നു. ഐശ്വര്യയെ നേരത്തെ പരിശോധിച്ച ഡോക്ടറല്ല പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പരിശോധിച്ചത്. ശനിയാഴ്ച രാത്രിയാണ് പ്രസവമുറിയിലേക്ക് കൊണ്ടുപോകുന്നത്.

പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സമ്മതമില്ലാതെ ഗര്‍ഭപാത്രം നീക്കിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് ആശുപത്രിയില്‍ ക്യാംപ് ചെയ്യുന്നത്.

തങ്കം ആശുപത്രിയില്‍ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഐശ്വര്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇവിടെ വച്ചാവും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തങ്കം ആശുപത്രിയില്‍ ബന്ധുക്കള്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സഹകരിക്കണമെന്നും ആശുപത്രിയില്‍ നിന്നും പിരിഞ്ഞു പോകണമെന്നും പോലിസ്‌ഐശ്വര്യയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടറെ അറസ്റ്റ് ചെയ്യണം എന്ന കര്‍ശന നിലപാടിലാണ്ബന്ധുക്കള്‍. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ബന്ധുക്കളുടെ പരാതികള്‍ കൃത്യമായി പരിശോധിക്കുമെന്നും അതിനു ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, സംസ്‌കരിച്ചിരുന്നെങ്കിലും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പോലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നുവെന്നും ഇതു മൂലം വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ബന്ധുക്കള്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും പോലീസിനും പരാതി നല്‍കിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു.

അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും സാധ്യമായ ചികിത്സയെല്ലാം നല്‍കിയെന്നും ആശുപത്രി ഭരണവിഭാഗം സീനിയര്‍ മാനേജര്‍ പറഞ്ഞു. അമിതരക്തസ്രാവമാണ് അമ്മയുടെ ആരോഗ്യനില വഷളാക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Back to top button
error: