KeralaNEWS

സ്വപ്നയെ വിളിച്ചത് മാനസികവെല്ലുവിളി നേരിടുന്നയാള്‍; പോലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറം മങ്കട സ്വദേശി നൗഫല്‍ കസ്റ്റഡിയില്‍. അങ്ങാടിപ്പുറം സ്വദേശിയായ നൗഫലിനെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് മങ്കട പോലീസിന് കൈമാറി. കസ്റ്റഡിയിലെടുത്ത നൗഫല്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതായി പോലീസ് പറഞ്ഞു.

നൗഫല്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്, നേരത്തേയും ആളുകളെ വിളിച്ചതിന് പരാതി ലഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലേക്കും ഇയാള്‍ ഇത്തരത്തില്‍ വിളിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ആരെങ്കിലും ആവശ്യപ്പെട്ടത് പ്രകാരമാണോ നൗഫല്‍ സ്വപ്ന സുരേഷിനെ വിളിച്ചത് എന്നറിയാന്‍ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. ഫോണില്‍ വിളിച്ച് ഭീഷണിയുയര്‍ത്തിയ ആള്‍ക്കെതിരേ സ്വപ്ന സുരേഷ് ശനിയാഴ്ച രാത്രി ഡിജിപിക്ക് പരാതി കൈമാറിയിരുന്നു. കോള്‍ റെക്കോര്‍ഡ് ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.

Signature-ad

”താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. നേരത്തെ നെറ്റ് കോളുകള്‍ വഴിയായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്.എന്നാലിപ്പോള്‍ വിളിക്കുന്നയാള്‍ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശങ്ങളടക്കം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് സ്വപ്‌ന ഭീഷണി സന്ദേശം പുറത്തുപറയവേ അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകള്‍ വരുന്നതെന്നാണ് സ്വപ്‌ന പറഞ്ഞിരുന്നത്. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളിവായി ഫോണ്‍ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടിരുന്നു. മകനാണ് ആദ്യത്തെ ഫോണ്‍ കോളെടുത്തിരുന്നത്. ആ കോളില്‍ കെ ടി ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് വിളിച്ച പെരിന്തല്‍മണ്ണ സ്വദേശി നൗഫല്‍ എന്നയാള്‍ പറഞ്ഞത്. മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. ‘ഇഡിയുടെ അന്വേഷണം തടസപ്പെടുത്താനാണ് ഈ ഭീഷണിയെന്നാണ് മനസിലാകുന്നത്.

ഗൂഢാലോചന കേസില്‍ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചെങ്കിലും പോകാന്‍ സാധിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും. ഇഡി അന്വേഷണം നടക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹാജരാകാന്‍ സാധിക്കാത്തത്. ഇഡി അന്വേഷണം തടസപ്പെടുത്താനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും സ്വപ്‌ന ഭീഷണി സന്ദേശം സംബന്ധിച്ച് വെളിപ്പെടുത്തവേ പറഞ്ഞിരുന്നു.

Back to top button
error: