തിരുവനന്തപുരം: പീഡന പരാതിയില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ മറ്റൊരു പരാതി കൂടി നല്‍കുമെന്നും സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്നും പരാതിക്കാരി. ഫെബ്രുവരിയില്‍ നടന്ന സംഭവമാണ് ഇത്. യുഡിഎഫുകാരില്‍ നിന്ന് ആരോപണങ്ങള്‍ വന്നപ്പോള്‍ മെന്ററായും രക്ഷകനുമായി എത്തിയ ആളില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. പേര് വെളിപ്പെടുത്തിയതിനെതിരെയാണ് പുതിയ പരാതി നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
പിസി ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ, പരാതിയുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പിസി ജോര്‍ജിനെ കുടുക്കുകയാണെന്നും കുടുംബാംഗങ്ങളടക്കം ആരോപണങ്ങളുന്നയിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒരു ഗൂഢാലോചന ഇല്ലെന്നും മെന്ററായി വന്ന ആളില്‍ നിന്ന് മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്നും പരാതിക്കാരി മാധ്യമങ്ങളോട് വ്യക്തമാക്കി.
പീഡനക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്.
ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് 12.40ഓടു കൂടിയായിരുന്നു സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.