KeralaNEWS

നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം – മുഖ്യമന്ത്രി

നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം എം.പി. മാര്‍ പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കണം. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള എം.പി. മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ റെയില്‍വേ വികസനം പുരോഗതിയില്ലാത്ത സ്ഥിതിയിലാണ്. പ്രഖ്യാപിക്കുന്ന പല പദ്ധതികളും നടപ്പാകുന്നുമില്ല. പുതിയ ട്രെയിനുകളും പുതിയ പാതകളും പാത ദീര്‍ഘിപ്പിക്കലുമുള്‍പ്പെടെ നടപ്പാകാത്ത അവസ്ഥയാണ്. സമഗ്രമായ റെയില്‍വേ വികസനത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം.
പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച വിഷയത്തില്‍ സാധ്യമാകുന്ന തരത്തിലെല്ലാം ഇടപെടണം. ഉദ്യോഗസ്ഥതലത്തിലും നിയമപരമായും സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ജനവാസമേഖലയും കൃഷിയിടങ്ങളും സംരക്ഷിച്ചുള്ള നിലപാടാണ് സംസ്ഥാനത്തിന്‍റേത്. ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി അംഗീകാരം ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം. സുപ്രീം കോടതി ഉത്തരവിനെതിരെ മോഡിഫിക്കേഷന്‍ ഹര്‍ജിയും ഫയല്‍ ചെയ്യും.

ജി.എസ്.ടി. നഷ്ടപരിഹാരം അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കുകൂടി ദീര്‍ഘിപ്പിക്കണം. ബേക്കല്‍-കണ്ണൂര്‍, ഇടുക്കി-തിരുവനന്തപുരം, ഇടുക്കി – കൊച്ചി എയര്‍ സ്ട്രിപ്പ് റൂട്ടുകള്‍ പരിഗണിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

 

Back to top button
error: