IndiaNEWS

പ്രധാനമന്ത്രിയെ ഒഴിവാക്കി, രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നേരിട്ടെത്തി സ്വീകരിച്ച് കെ.സി.ആര്‍.; മോദിയെ സ്വീകരിക്കാന്‍ മൃഗസംരക്ഷണ മന്ത്രി

ഹൈദരാബാദ്:  ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തില്‍ എത്തിയ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ നേരിട്ടെത്തി സ്വീകരിച്ച് തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അധ്യക്ഷനുമായ ചന്ദ്രശേഖര റാവു. അതേസമയം തൊട്ടുപിന്നായെ തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കെ.സി.ആര്‍. ഇത്തവണയും എത്തില്ല. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ചെല്ലാതെ ചന്ദ്രശേഖര റാവു പ്രോട്ടോക്കോള്‍ പാലിക്കാതിരിക്കുന്നത്.

യശ്വന്ത് സിന്‍ഹയും പ്രധാനമന്ത്രി മോദിയും ഒരേ വിമാനത്താവളത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് എത്തുന്നത്. സംസ്ഥാന മൃഗസംരക്ഷണ ഫിഷറീസ് വകുപ്പ് മന്ത്രി തലസാനി ശ്രീനിവാസ് യാദവാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക എന്നാണ് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം 2.55 ഓടെയാണ് പ്രധാനമന്ത്രി ഹൈദാരാബാദ് വിമാനത്താവളത്തിലെത്തുക.

ഇതിന് രണ്ട് മണിക്കൂര്‍ മുമ്പായിട്ടെത്തിയ യശ്വന്ത് സിന്‍ഹയെ ചന്ദ്രശേഖര റാവു നേരിട്ട് പോയി സ്വീകരിച്ചതാണ് ശ്രദ്ധേയമായത്. തുടര്‍ന്ന് ചന്ദ്രശേഖര റാവുവും സിന്‍ഹയും വിമാനത്താവളത്തില്‍ നിന്ന് ജല്‍ വിഹാറിലേക്ക് ബൈക്ക് റാലി നടത്തി. പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് അവിടെ സ്വീകരണ സമ്മേളനമൊരുക്കിയിട്ടുണ്ട്.

ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഹൈദരാബാദില്‍ ആരംഭിക്കും. തങ്ങളുടെ ശക്തിപ്രകടന വേദിയായി ഇതു മാ്റ്റാനുള്ള ബി.ജെ.പി. നീക്കങ്ങള്‍ക്കുള്ള മറുനീക്കമായി രാഷ്ട്രപതി സ്ഥാനാര്‍ഥിക്കു നല്‍കുന്ന സ്വീകരണത്തിലൂടെ ബി.ജെ.പിക്കുള്ള മറുപടിയായി കരുത്തു കാട്ടാനുള്ള തയാറെടുപ്പിലാണ് ടി.ആര്‍.എസ്. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തെ വെല്ലുന്ന രീതിയില്‍ തന്നെയാണ് യശ്വന്ത് സിന്‍ഹക്കുള്ള സ്വീകരണ പോസ്റ്ററുകളും പരസ്യവും ടിആര്‍എസ് ഒരുക്കിയിരിക്കുന്നത്. ഹൈദരബാദ് നഗരത്തില്‍ ഇരുപാര്‍ട്ടികളുടേയും പോസ്റ്റര്‍ യുദ്ധമാണ്. ബിജെപി കേന്ദ്ര ഭരണ നേട്ടങ്ങളും ടിആര്‍എസ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടവും ഉയര്‍ത്തിയുള്ള കട്ടൗട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

അഞ്ചുവര്‍ഷത്തിനുശേഷം ഡല്‍ഹിക്ക് പുറത്തുനടക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തിനാണ് ഹൈദരാബാദ് ആതിഥ്യം വഹിക്കുന്നത്. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ മേഖലയിലെ 129 ലോക്‌സഭാ സീറ്റുകളിലും വേരോട്ടം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ തയ്യാറാക്കിയ പ്രവര്‍ത്തനപരിപാടികള്‍ നടപ്പാക്കാനാണ് ഇന്ന് ആരംഭിക്കുന്ന നിര്‍വാഹകസമിതി യോഗം ശ്രദ്ധ നല്‍കുക. മിഷന്‍ ദക്ഷിണേന്ത്യ 2024′ എന്നുപേരിട്ട പ്രവര്‍ത്തനപരിപാടിക്ക് തെലങ്കാനയില്‍ തുടക്കം കുറിക്കാനാണ് നീക്കം.

മഹാരാഷ്ട്രയില്‍ പ്രയോഗിച്ച് വിജയിച്ച തന്ത്രങ്ങളുടെ ബലത്തില്‍ തെലങ്കാന വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. സംസ്ഥാനത്ത് ടി.ആര്‍.എസ്. സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. അധികാരം നഷ്ടമാകുമെന്ന ഭയമാണ് ടിആര്‍എസിനും ചന്ദ്രശേഖര റാവുവിനുമെന്ന് കേന്ദ്രമന്ത്രി ജി.കിഷന്‍ റെഡ്ഡി വ്യക്തമാക്കി. പൊതുപണം ഉപയോഗിച്ചാണ് അവര്‍ തങ്ങള്‍ക്കെതിരെ പരസ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെയായി രണ്ടു തവണ പ്രധാനമന്ത്രി മോദി തെലങ്കാനയിലെത്തിയപ്പോഴും ചന്ദ്രശേഖര റാവു വിട്ടുനിന്നിരുന്നു. മെയ് മാസത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഒരു ചടങ്ങിനായി പ്രധാനമന്ത്രി ഹൈദരാബാദിലെത്തിയപ്പോള്‍ ചന്ദ്രശേഖര റാവു ബെംഗളൂരുവിലേക്ക് പോയി

. ഫെബ്രുവരിയില്‍ ‘സമത്വപ്രതിമ’യുടെ ഉദ്ഘാടന ചടങ്ങിനായി പ്രധാനമന്ത്രി എത്തിയപ്പോഴും തെലങ്കാന മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. നേരത്തെ ബിജെപിയുമായി അടുപ്പം സൂക്ഷിച്ചിരുന്ന ടി.ആര്‍.എസ് സമീപ വര്‍ഷങ്ങളിലാണ് അകന്ന് തുടങ്ങിയത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചന്ദ്രശേഖര റാവു നടത്തിവരുന്നതിനിടെയാണ് ഈ നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്.

Back to top button
error: