വീട്ടില്‍ വളര്‍ത്തിയ നായ്‌ക്കുട്ടിയുടെ കടിയേറ്റ് പേവിഷബാധ മൂലം തൃശ്ശൂർ പെരിഞ്ഞനം സ്വദേശി പതുക്കാട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ (60) മരിച്ചത് ഇന്നലെയാണ്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണിക്കൃഷ്ണന് നായ്‌ക്കുട്ടിയുടെ കടിയേല്‍ക്കുന്നത്. തെരുവില്‍ നിന്നും ലഭിച്ച നായ്‌ക്കുട്ടിയെ ഇവര്‍ എടുത്തു വളര്‍ത്തുകയായിരുന്നു. ഇതിന്റെ കടിയാണ് ഏറ്റത്. കടിച്ച നായ്‌ക്കുട്ടി ഏതാനും നാള്‍ മുന്‍പ് ചത്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു ഉണ്ണിക്കൃഷ്ണൻ്റെ അന്ത്യം.
രണ്ടുനാൾ മുമ്പാണ്പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി എന്ന 19 കാരി പേവിഷബാധയേറ്റ് മരിച്ചത്. അയല്‍വീട്ടിലെ വളര്‍ത്തു നായയാണ് കടിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്സിന്‍ എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരിച്ചു. പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്‌സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നതായും പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു.
കഴിഞ്ഞ 6 മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 14 പേർ. ഈ മാസം മാത്രം മരണം അഞ്ച്. അത്യന്തം ഗൗരവമുള്ളതാണ് ഈ കണക്കുകൾ
വർത്തു മൃഗങ്ങളുടെ കടിയേറ്റാൽ, അത് ഗൗരവമാക്കാത്തതും കൃത്യ സമയത്ത് ചികിൽസ തേടുന്നതിൽ വരുന്ന വീഴ്ചയും പേ വിഷബാധയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നുണ്ട്.
അതേസമയം ആശങ്കയാകുന്നത് മറ്റൊരു കാര്യമാണ്. പൂർണ വാക്സിനേഷന് ശേഷമുള്ള മരണങ്ങൾ. വാക്സിൻ്റെ ഗുണമേന്മ പരിശോധിക്കണമെന്നാണ് വിദഗ്ർ പറയുന്നത്. വാക്സിൻ സൂക്ഷിക്കുന്നത്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയിലും പരിശോധന വേണം. വാക്സിനെടുത്താലും പ്രതിരോധം രൂപപ്പെടാൻ ഒരാഴ്ച്ച വരെ സമയമെടുക്കാം. അതുവരെ സുരക്ഷിതമായിരിക്കാൻ ഇമ്യൂണോ ഗ്ലോബുലിൻ പോലുള്ളവ നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം. പ്രതിരോധം രൂപപ്പെടുന്നത് വരെ വൈറസിനെ നിഷ്ക്രിയമാക്കാൻ ഐഡിആർവി, മോണോക്ലോണൽ ആന്റിബോഡി ഉൾപ്പടെ നൽകാറുണ്ട്.
കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നൽകി, വൈറസിനെ നിഷ്ക്രിയമാക്കുന്ന കുത്തിവെയ്പ്പിന് നല്ല വൈദഗ്ദ്യം വേണം. ഇത് സങ്കീർണമാണ്. ഇതിലെ വീഴ്ച്ചകളും മരണത്തിനിടയാക്കാം. ഒപ്പം മുഖം, കഴുത്ത് പോലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളിൽ കടിയേൽക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇത് വേഗത്തിൽ തലച്ചോറിനെ ബാധിക്കും. മാത്രവുമല്ല, ഈ ഭാഗങ്ങളിൽ കടിയേൽക്കുമ്പോൾ കടിയേറ്റ ഭാഗത്ത് തന്നെ ഇഞ്ചക്ഷൻ നൽകുന്നത് ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാം.
വീട്ടിലെ വളർത്തു നായ്ക്കളാകുമ്പോൾ നിസാര പോറലുകൾ അവഗണിക്കുന്നതും, വാക്സിനെടുക്കുന്നതിൽ കാലതാമസം വരുത്തുന്നതും അപകട കാരണമാകും. ശ്രീലക്ഷ്മിയുടെ മരണത്തിൽ ഇതിലേതാണ് കാരണമായതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഏതായാലും മുഴുവൻ വാക്സിനെടുത്തിട്ടും ആളുകൾ മരിക്കുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയിലെ അപായ സൂചനയാണ്. ഇതാണ് സർക്കാർ അന്വേഷിക്കണമെന്ന് വിദഗ്ദർ പറയുന്നത്.