ബോംബേറ് കോൺഗ്രസ് ശൈലി അല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരോ യു.ഡി.എഫ് പ്രവർത്തകരോ ഇത് ചെയ്യില്ല. സർക്കാർ പ്രതിരോധത്തിലായ സമയത്ത് അതിൽ നിന്ന് ശ്രദ്ധ തിരിക്കാനായി നടത്തിയ ആക്രമണമാണിതെന്ന് വി.ഡി സതീശൻ ആരോപിച്ചു
അതേ സമയം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ്റെ ആരോപണം എ.കെ.ജി സെന്റർ ആക്രമണം ഇ.പി ജയരാജിന്റെ തിരക്കഥയാണെന്നാണ്. കോൺഗ്രസുകാരാണ് ആക്രമിച്ചത് എന്ന് ഇ.പി പറയുന്നതിന് ക്യാമറയിൽ ദൃശ്യങ്ങളുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഗുണ്ട ബന്ധമുള്ള ഇ.പി ജയരാജൻ ആസൂത്രണം ചെയ്താണ് എകെജി സെന്റർ ആക്രമിച്ചത്. സിപിഎമ്മിന് ഇതിൽ അറിവുണ്ടെന്ന് താൻ പറയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
എകെജി സെന്ററുമായി പരിചയമില്ലത്തവർക്ക് ഇത്തരം ഒരു ആക്രമണം നടത്താനാകില്ല. ഇതിലൂടെ രാഹുലിന്റെ സന്ദർശനത്തിന്റെ പ്രാധാന്യം കുറയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെയുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. കോൺഗ്രസുകാർക്ക് ആക്രമണത്തിൽ പങ്കില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.