HealthLIFE

കോവിഡ് രോഗികളെ കാത്തിരിക്കുന്നത് ഗുരുതര നാഡീവ്യൂഹ പ്രശ്നങ്ങള്‍

കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, ഇസ്കീമിക് സ്ട്രോക് പോലുള്ള സങ്കീര്‍ണതകളാണ് കോവിഡ് രോഗികളെ കാത്തിരിക്കുന്നതെന്ന് വിയന്നയില്‍ നടന്ന യൂറോപ്യന്‍ അക്കാദമി ഓഫ് ന്യൂറോളജി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഡെന്‍മാര്‍ക്കിലെ റിഗ്ഷോസ്പിറ്റലെറ്റ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗമാണ് ഗവേഷണം നടത്തിയത്. രാജ്യത്തെ പകുതിയിലധികം വരുന്ന ജനങ്ങളെ ഗവേഷണത്തിന്‍റെ ഭാഗമായി 2020 ഫെബ്രുവരിക്കും 2021 നവംബറിനും ഇടയില്‍ നിരീക്ഷിച്ചു. ഇതില്‍ ഇക്കാലയളവില്‍ കോവിഡ് പോസിറ്റീവായ 43,375 രോഗികള്‍ക്ക് അല്‍സ്ഹൈമേഴ്സിനുള്ള സാധ്യത 3.5 മടങ്ങ് അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇവര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് വരാനുള്ള സാധ്യത 2.6 മടങ്ങും ഇസ്കീമിക് സ്ട്രോക്ക് വരാനുള്ള സാധ്യത 2.7 മടങ്ങും തലച്ചോറില്‍ രക്തസ്രാവം വരാനുള്ള സാധ്യത 4.8 മടങ്ങും മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്.

Signature-ad

മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വൈറസ് ഉണ്ടാക്കുന്ന നാഡീവ്യൂഹപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ഇനിയും വേണ്ട രീതിയില്‍ ലോകം മനസ്സിലാക്കിയിട്ടില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പാര്‍ദിസ് സരിഫ്കര്‍ പറഞ്ഞു. അതേസമയം മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്, ഗിലിയന്‍ ബാര്‍ സിന്‍ഡ്രോം, മ്യാസ്തെനിക് ഗ്രാവിസ്, നാര്‍കോലെപ്സി തുടങ്ങിയ നാഡീവ്യൂഹ രോഗങ്ങള്‍ക്കുള്ള സാധ്യത കോവിഡ് അണുബാധ വര്‍ധിപ്പിക്കുന്നില്ലെന്നും ഗവേഷകര്‍ കണ്ടെത്തി.

Back to top button
error: