തൊടുപുഴ: അപകടകരമായ രീതിയില്‍ വാഹനമോടിച്ച് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട ശിക്ഷ വിധിച്ച് ആര്‍ടിഒ. ഒരു സ്‌കൂട്ടറില്‍ അപകടകരമായ രീതിയില്‍ യാത്ര നടത്തിയ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കാണ് ശിക്ഷ. നടുറോഡില്‍ അഭ്യാസപ്രകടനം പുറത്തെടുത്ത വിദ്യാര്‍ഥികള്‍ രണ്ടു ദിവസം സാമൂഹിക സേവനം നടത്താനാണ് ശിക്ഷ വിധിച്ചത്.
ഇടുക്കി രാജമുടി മാര്‍ സ്ലീവ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളായ ജോയല്‍ വി ജോമോന്‍ , ആല്‍ബിന്‍ ഷാജി, അഖില്‍ ബാബു , എജില്‍ ജോസഫ് ,ആല്‍ബിന്‍ ആന്റണി എന്നിവര്‍ക്കാണ് ശിക്ഷ. രണ്ടു ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം നടത്താന്‍ ഇവരോട് ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍ നിര്‍ദേശിച്ചു.
വാഹനം ഓടിച്ച ജോയല്‍ വി ജോമോന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. രണ്ടായിരം രൂപ പിഴയും ഈടാക്കി. കുട്ടികളെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം വിളിച്ചു വരുത്തി ബോധവത്ക്കരണ ക്ലാസും നല്‍കി.
നിരത്തുകളിലെ ഇത്തരം അഭ്യാസപ്രകടനങ്ങള്‍ക്കിടെ ഉണ്ടാകുന്ന അപകടത്തില്‍ നിരപരാധികളായ യാത്രക്കാര്‍ മരിച്ച നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.