ചെന്നൈ: തമിഴ്‌നാട്ടില്‍ പാര്‍ട്ടി പിടിക്കാനുള്ള ഒ.പി.എസ്. -ഇ.പി.എസ്. പോരാട്ടത്തില്‍ മുന്‍ മുഖ്യമന്ത്രികൂടിയായ ഒ പനീര്‍ശെല്‍വത്തിന് കനത്ത തിരിച്ചടി. സംസ്ഥാനത്തുടനീളം പനീര്‍ശെല്‍വത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പാര്‍ട്ടി അണികള്‍ തെരുവിലെത്തി. അണ്ണാഡിഎംകെയുടെ നേതൃത്വത്തില്‍ നിന്ന് ഒ പനീര്‍ശെല്‍വത്തെ പൂര്‍ണമായും ഒഴിവാക്കാനാണ് പളനിസാമി നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷ തീരുമാനം. തീര്‍ത്തും ദുര്‍ബലമായ ഒപിഎസ് ക്യാമ്പ് പാര്‍ട്ടി ചിഹ്നവും പേരും സ്വന്തമാക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ്.
അണ്ണാ ഡിഎംകെയുടെ 74 അംഗ നിര്‍വാഹക സമിതിയില്‍ പനീര്‍ശെല്‍വമടക്കം അഞ്ച് പേര്‍ മാത്രമാണ് ഇപ്പോള്‍ വിമതപക്ഷത്ത്. എന്നാല്‍, നാമമാത്രമായ ഈ എതിര്‍പ്പ് കണക്കിലെടുക്കണ്ട എന്നാണ് ഇപിഎസ് പക്ഷത്തിന്റെ തീരുമാനം. പളനിസാമിയെ ജനറല്‍ സെക്രട്ടറിയായി അനൗദ്യോഗികമായി തീരുമാനിച്ചു കഴിഞ്ഞു. ഇനി ഒരു ഒത്തുതീര്‍പ്പിനുമില്ല.
പനീര്‍ശെല്‍വത്തെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണമായും വെട്ടിനിരത്താനാണ് പളനിസാമി പക്ഷത്തിന്റെ തീരുമാനം. പനീര്‍ശെല്‍വം വഹിക്കുന്ന പാര്‍ട്ടി ഖജാന്‍ജി സ്ഥാനവും തിരിച്ചെടുക്കും. എന്തുവന്നാലും വരാനിരിക്കുന്ന ജനറല്‍ കൗണ്‍സിലില്‍ ഈ തീരുമാനങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നേടിയെടുക്കാനാണ് നീക്കം. സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലെ ഒപിഎസിന്റെ ചിത്രം ഇപിഎസ് അണികള്‍ കീറി നീക്കിയതിന് പിന്നാലെ സംസ്ഥാനമെങ്ങും വിവിധ ജില്ലാ കമ്മിറ്റി ഓഫീസുകളിലും ഇതാവര്‍ത്തിച്ചു.
തികച്ചും ദുര്‍ബലരായെങ്കിലും ഒപിഎസ് ക്യാമ്പ് ചെന്നൈയില്‍ കൂടിയാലോചനകള്‍ തുടരുകയാണ്. ജനറല്‍ കൗണ്‍സില്‍ തടയുക, പാര്‍ട്ടി ചിഹ്നവും പേരും സ്വന്തം പേരില്‍ നിര്‍ത്താന്‍ നിയമയുദ്ധം തുടരുക എന്നിവയാണ് അവരുടെ പദ്ധതി.
ജനറല്‍ കൗണ്‍സില്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയതിന് ശേഷം രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളുടെ ഭാഗമെന്ന പേരില്‍ ദില്ലിയിലെത്തിയ ഒപിഎസ് ബിജെപി ദേശീയ നേതൃത്വത്തെ കണ്ടിരുന്നു. ഇതിനിടെ ഒപിഎസ് തങ്ങളോടൊപ്പം ചേരുമെന്ന സൂചന ശശികല പക്ഷവും നല്‍കുന്നു.