മുംബൈ: മുംബൈ തീരത്ത് അറബിക്കടലില്‍ ഒഎന്‍ജിസിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും. പത്തനംതിട്ട സ്വദേശി സഞ്ജു ഫ്രാന്‍സിസാണ് മരിച്ച നാല് പേരില്‍ ഒരാള്‍. മറ്റൊരു കരാര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞ്ജു.
മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ ഓയില്‍ റിഗ്ഗിലേക്ക് പുറപ്പെട്ട ഒഎന്‍ജിസിയുടെ ഹെലിപ്റ്റര്‍ ഇന്നലെ അറബിക്കടലില്‍ വീണ് നാല് പേരാണ് മരിച്ചത്. രക്ഷപ്പെട്ടവരിലും ഒരു മലയാളിയുണ്ട്. ചെന്നൈയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്യാം സുന്ദറാണ് പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്. ഒഎന്‍ജിസിയില്‍ സീനിയര്‍ മറൈന്‍ റേഡിയോ ഓഫീസറാണ് ശ്യാം.
മുംബൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഒഎന്‍ജിസിയുടെ ആറ് ജീവനക്കാരും 2 പൈലറ്റും കരാര്‍ കമ്പനിയിലെ ഒരു ജീവനക്കാരനുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. റിഗ്ഗില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ കടലില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. നാല് പേരും കടലില്‍ വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി.
ഹെലികോപ്റ്റര്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്താനിടയായ കാരണം വ്യക്തമായിട്ടില്ല. പവന് ഹാന്‍സ് കമ്പനിയില്‍ നിന്ന് അടുത്തകാലത്ത് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. ഡിജിസിഎ പ്രാഥമിക അന്വേഷണം നടത്തി. അപകടകാരണം വ്യക്തമല്ല.