IndiaNEWS

വിമതര്‍ തിരിച്ചെത്തും; നാളെ സഭചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ധവിന് ഗവര്‍ണറുടെ നിര്‍ദേശം

മുംബൈ: മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഉദ്ധവ് സര്‍ക്കാരിന് ഗവര്‍ണറുടെ നിര്‍ദേശം. മാധ്യമങ്ങള്‍ വഴി ശിവസേനയിലെ 39 എംഎല്‍എമാര്‍ നിലവിലെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. സ്വതന്ത്ര എംഎല്‍എമാരും ഇത്തരത്തില്‍ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച അസംബ്ലിയുടെ പ്രത്യേക സെഷന്‍ വിളിക്കും. അതില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഉദ്ദവ് താക്കറെയ്ക്ക് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നല്‍കിയ കത്ത്.

പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ കത്ത്. ഗുവാഹത്തിയിലുള്ള എംഎല്‍എമാര്‍ വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്ന് വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി.

Signature-ad

തിങ്കളാഴ്ചത്തെ മഹാരാഷ്ട്ര ബി.ജെ.പി. കോര്‍കമ്മിറ്റി യോഗത്തിനുശേഷം ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുമായി ചര്‍ച്ചനടത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയില്‍ തിരിച്ചെത്തിയ ദേവേന്ദ്രഫഡ്‌നവിസ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി.

ഉദ്ദവ് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും നിയമസഭ വിളിച്ചുകൂട്ടണമെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ധവ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഫഡ്‌നവിസ് കത്ത് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഉദ്ദവ് സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.

മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ ഭാഗമായിരുന്ന 39 ശിവസേന എംഎല്‍എമാര്‍ സര്‍ക്കാരില്‍ നിന്ന് പുറത്തു പോയിരിക്കുകയാണ്. അവര്‍ക്ക് എന്‍സിപി – കോണ്‍ഗ്രസ് സഖ്യത്തോടൊപ്പം തുടരാന്‍ സാധിക്കില്ലെന്നാണ് പറയുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തിയ ശേഷം ആവശ്യമായ തീരുമാനം ഗവര്‍ണര്‍ എടുക്കുമെന്നാണ് കരുതുന്നതെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.

ഭരണപ്രതിസന്ധി ഉടലെടുത്ത ജൂണ്‍ 22 മുതല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രമേയങ്ങളുടെയും സര്‍ക്കുലറുകളുടെയും വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരക്കിട്ട് ഉത്തരവുകള്‍ ഇറക്കിയത് പരിശോധിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.

വിമത എംഎല്‍എമാരോട് സംസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടെങ്കിലും മഹാവികാസ് അഘാഡി സഖ്യം വിടാതെ താക്കറയെ പിന്തുണക്കില്ല എന്ന നിലപാടിലാണ് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം. സര്‍ക്കാരിനെ മറിച്ചിടാനുള്ള ഭൂരിപക്ഷം ഏക്നാഥ് ഷിന്‍ഡെ സംഘത്തിനില്ലെന്ന് എന്‍.സി.പി. നേതാവും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലെ പറഞ്ഞു.

വിമത എം.എല്‍.എ.മാര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് ശിവസേനാവക്താവ് സഞ്ജയ് റാവുത്ത് മാധ്യമങ്ങളെ അറിയിച്ചു. ‘നിങ്ങളുടെ ഹൃദയത്തില്‍ ശിവസേനയുണ്ടെങ്കില്‍, പാര്‍ട്ടിയിലേക്ക് തിരിച്ചെത്തണമെന്ന്’ ചൊവ്വാഴ്ച മുഖ്യമന്ത്രി വിമത എം.എല്‍.എ.മാരോട് അഭ്യര്‍ഥിച്ചിരുന്നു.

Back to top button
error: