CrimeNEWS

മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ദിലീപ്; എന്താണ് പ്രശ്‌നമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡില്‍ ഫൊറന്‍സിക് പരിശോധനയുടെ ആവശ്യമില്ലെന്ന് ദിലീപ്. മെമ്മറി കാര്‍ഡിന്റെ മിറര്‍ ഇമേജുകള്‍ താരതമ്യം ചെയ്താല്‍ തന്നെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടോ എന്നറിയാന്‍ പറ്റും. വീണ്ടും സാക്ഷിവിസ്താരം നടത്തിയാലും ഇക്കാര്യം മനസ്സിലാക്കാം എന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.

മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കവേയാണ് ദിലീപ് ഇക്കാര്യം കോടതിയെ അറിയിച്ചത്്. എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു ഫോറന്‍സിക് ലാബില്‍ പരിശോധിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ദിലീപിനോട് കോടതി ആരാഞ്ഞു. ഹര്‍ജിയില്‍ നാളെയും വാദം തുടരും.

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബിലയച്ച് പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ലാബിലേക്ക് അയക്കാനുള്ള തീരുമാനം സംസ്ഥാന ലാബിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നായിരുന്നു ആദ്യം പ്രോസിക്യൂഷന്‍ നിലപാട്.

വാദത്തിനിടെ മെമ്മറി കാര്‍ഡ് സംബന്ധിച്ച കാര്യങ്ങള്‍ പ്രധാന കേസിനെ ബാധിക്കുന്ന സാഹചര്യമില്ലല്ലോ എന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. പ്രോസിക്യൂഷന്‍ നീക്കം വിചാരണ വൈകിപ്പിക്കാനാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആ നിലപാട് തുടര്‍ന്ന് കൊണ്ടാണ് ഫോറന്‍സിക് പരിശോധനയെ ദിലീപിന്റെ അഭിഭാഷകന്‍ ഇന്നും എതിര്‍ത്തത്.

കേസ് നേരത്തെ പരിഗണിച്ച ഹൈക്കോടതി സിംഗില്‍ ബെഞ്ച് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ സംബന്ധിച്ച് ഫോറന്‍സിക് ലാബ് അസി.ഡയറക്ടര്‍ ദീപയില്‍ നിന്ന് ശാസ്ത്രീയ വിവരങ്ങള്‍ തേടിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം മെമ്മറി കാര്‍ഡിന്റെ മൊത്തം ഹാഷ് വാല്യു മാറിയതിനാല്‍ വിഡിയോ ആരോ കണ്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ കോടതിയെ അറിയിച്ചു. എന്നാല്‍ വീഡിയോയുടെ ഹാഷ് വാല്യു മാറാത്തതിനാല്‍ ഇതാരും കോപ്പി ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി.

Back to top button
error: