LIFEMovie

കടുവ കോടതി കയറുന്നു; പുറത്തിറങ്ങാന്‍ വൈകിയേക്കും: പരാതി പരിശോധിശേഷം മതി സര്‍ട്ടിഫിക്കറ്റെന്ന് സെന്‍സര്‍ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം കടുവയുടെ റിലീസിങ് പ്രതിസന്ധിയില്‍. കടുവയെ സംബന്ധിച്ചുള്ള പരാതി പരിശോധിക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു. ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.

സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി. പരാതി പരിശോധിച്ച ശേഷമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്.

കടുവയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ മഹേഷും കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഉണ്ടായ തര്‍ക്കം സിനിമയുടെ റിലീസിനെ ഉള്‍പ്പെടെ ബാധിച്ചിരിക്കുകയാണ്. ജൂണ്‍ 30ന് സിനിമ റീലിസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ചില അപ്രവചനീയമായ സാഹചര്യങ്ങളാല്‍ റിലീസ് നീട്ടുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചത്തേക്ക് റിലീസ് നീട്ടി വയക്കുകയാണെന്നാണ് നടന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ അഞ്ച് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ‘കടുവ’ എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.

വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Back to top button
error: