NEWS

കെ.എഫ്.ഡി.സി ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷിനെതിരെ ഗുരുതര ആരോപണം, 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് കോര്‍പ്പറേഷന്‍ എം.ഡി പ്രകൃതി ശ്രീവാസ്തവ

കെ.എഫ്.ഡി.സി ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷിനെതിരെ ഗുരുതര ആരോപണം, 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് കോര്‍പ്പറേഷന്‍ എം.ഡി പ്രകൃതി ശ്രീവാസ്തവ.അതേസമയം ഡി.എ 3500 രൂപ മാത്രമാണ് താന്‍ കൈപ്പറ്റിയതെന്ന് ലതിക സുഭാഷ്.

കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സൺ ലതികാ സുഭാഷ് നടത്തിയ സ്വകാര്യ യാത്രകളുടെ പേരില്‍ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയുടെ നിര്‍ദേശം. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ലതിക ഔദ്യോഗിക വാഹനം ഉപയോഗിച്ച്‌ നടത്തിയ 7,354 കിലോമീറ്റര്‍ സ്വകാര്യയാത്രയാണ് എം.ഡി പരാമര്‍ശിച്ചിരിക്കുന്നത്. നഷ്ടപരിഹാരത്തുക ജൂണ്‍ 30നു മുമ്പ് അടയ്ക്കണമെന്നാണ് നിര്‍ദേശം.

കെ എല്‍-05 എ ഇ 9173 കാര്‍, കോര്‍പ്പറേഷന്‍ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോ​ഗിച്ചു എന്നാണ് കണ്ടെത്തിയത്. പണം തിരിച്ചടച്ചില്ലെങ്കില്‍ ഓണറേറിയത്തില്‍നിന്ന് തുക ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

ലതികയ്ക്കെതിരെ ശ്രീവാസ്തവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നുണ്ട്. ലതികാ സുഭാഷിന്റെ ശുപാര്‍ശയില്‍ വിവിധ തസ്തികകളിലേക്ക് നിയമിച്ച പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള താത്കാലിക ജീവനക്കാരെ കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടിരുന്നു.

വാർത്തകൾക്കു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്ററുമായി ലതിക സുഭാഷ്. രംഗത്തു വന്നു

ലതിക സുഭാഷിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:

“കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കേരളത്തിലെ പൊതുരംഗത്തുള്ള ഒരു വ്യക്തിയാണ് ഞാൻ. വിശ്രമരഹിതമായ പ്രവർത്തനമാണ് എന്റേത്. കേരളത്തിലങ്ങോളമിങ്ങോളം പൊതുപരിപാടികളിൽ പങ്കെടുക്കുന്നയാളുമാണ്.
കെ.എഫ്‌.ഡി.സി യുടെ ചെയർപേഴ്സൺ ആയി ചുമതല ഏറ്റിട്ട് ആറ് മാസമാകുന്നു. കോർപ്പറേഷന്റെ ഉയർച്ചക്ക് വേണ്ടി അക്ഷീണമായി പ്രവർത്തിക്കുന്നു. എന്നാൽ എന്നെ വ്യക്തിപരമായി ബാധിക്കുന്ന ഒരു വാർത്തയാണ് ഈ കുറിപ്പിനാധാരം

ഇന്ധന ചിലവ് ഇനത്തിൽ ഞാൻ കൈപ്പറ്റിയ 97,140 രൂപ എന്നിൽ നിന്നും ഈടാക്കുമെന്നാണ് വാർത്ത. ചെയർപേഴ്സൺ എന്ന നിലയിൽ എന്റെ പ്രതിമാസ ഓണറേറിയം ടി ഡി എസ് കഴിച്ച് 18,000 രൂപ മാത്രമാണ്. ടി എ / ഡി എ ഇനത്തിൽ 3500 രൂപയാണ് ഇതുവരെ ഞാൻ കൈപ്പറ്റിയിട്ടുള്ളത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കേരളത്തിലെ പല പൊതു പരിപാടികളിലും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രമുഖരുടെ മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ പലതിലും എനിക്ക് സംബന്ധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു അഴിമതിയോ അപരാധമായോ ഞാൻ വിശ്വസിക്കുന്നുമില്ല.
ഞാൻ വാഹനം ദുരുപയോഗം ചെയ്‌തു എന്നുള്ള ആരോപണം ഇതിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്. ഔദ്യോഗിക വാഹനത്തിൽ ഇത്തരം പൊതുപരിപാടികളിൽ സംബന്ധിച്ചത് കൊണ്ട് വാഹനത്തിൽ ഇന്ധനം നിറച്ച തുകയാണ് എന്നിൽ നിന്നും ഈടാക്കും എന്ന് പറഞ്ഞിട്ടുള്ളത്.

 

 

ഞാൻ എന്നും നിയമത്തിന് വിധേയയാണ്. ബന്ധപ്പെട്ടവരുമായി ആലോചിച്ച്‌ എന്തെങ്കിലും സാങ്കേതികമായ പിശക് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും.”

Back to top button
error: