KeralaNEWS

മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതം: സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമവിലക്കില്ലെന്നും മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സ്പീക്കര്‍ എം.ബി. രാജേഷ്. ജീവനക്കാരുടെ ഉള്‍പ്പെടെ പാസ് പരിശോധിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ പരിശോധന കര്‍ക്കശമാക്കിയതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയത്. ആ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പരിഹരിക്കാന്‍ ഇടപെട്ടു. രാവിലെ താത്കാലത്തേക്ക് ഉണ്ടായ ആ ബുദ്ധിമുട്ടിനെ മാധ്യമവിലക്കെന്ന് ചിത്രീകരിച്ചത് കടന്നുപോയെന്നും സ്പീക്കര്‍ പറഞ്ഞു. മന്ത്രിമാരുടെയും സ്പീക്കറുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളില്‍ പോകാന്‍ പാസുള്ള ഒരു മാധ്യമപ്രവര്‍ത്തകനും തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പാസുള്ള എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ എവിടെയെല്ലാം പോകാന്‍ സ്വാതന്ത്ര്യമുണ്ടോ അതുണ്ടായിരിക്കും. ക്യാമറ ക്രൂവിന് മീഡിയ റൂം വരെ പ്രവേശിപ്പിക്കൂ. അത് ഇന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

മാധ്യമവിലക്ക് എന്ന് പറഞ്ഞ് ആര്‍ക്കെങ്കിലും പാസ് അനുവാദിക്കാതിരുന്നിട്ടുണ്ടോ? മാധ്യമപ്രവര്‍ത്തകരുടെ പാസ് പുതുക്കാനുള്ള എല്ലാ അപേക്ഷയും പുതുക്കി നല്‍കിയിട്ടുണ്ട്. ചിലര്‍ പുതുക്കാന്‍ അപേക്ഷിച്ചിട്ടില്ല. തത്കാലം പഴയ പാസാണെങ്കിലും പ്രവേശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നിട്ടാണ് മാധ്യമവിലക്കെന്ന് വാര്‍ത്ത നല്‍കിയത്.

പാസ് ഇന്ന് കര്‍ശനമായി ചോദിച്ചുട്ടുണ്ടാകും. മുഖംപരിചയം ഉണ്ടെങ്കില്‍ പാസ് ചോദിക്കാതെ വിടുന്ന പതിവുണ്ട്. കര്‍ശനമായി ചോദിച്ചതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായി കാണും. പാസ് ചോദിക്കാന്‍ പാടില്ലെന്ന ശാഠ്യം വേണ്ട, പാസ് ചോദിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Back to top button
error: