കൊട്ടാരക്കര: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം അടിച്ച ടിക്കറ്റിന്റെ കളർ കോപ്പി നൽകി പണം തട്ടി.ഇന്നലെ രാവിലെ 9 മണിയോടെ പനവേലി ജംഗ്ഷനിൽ സ്കൂട്ടറിൽ എത്തിയ ഹെൽമറ്റ് ധാരി 2000/- രൂപാ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി നൽകി 1500/- രൂപയും 500രൂപയുടെ ലോട്ടറി ടിക്കറ്റുകളും കൈക്കലക്കി കടന്നുകളയുകയായിരുന്നു.
വഴിയിൽ നടന്നു ലോട്ടറി വിൽപ്പന നടത്തുന്ന യുവതിയെ കബളിപ്പിച്ചാണ് ഇയാൾ പണം തട്ടിയെടുത്തത്.തീരെ നിർദ്ധന കുടുംബത്തിലെ അംഗമായ യുവതി ലോട്ടറി കച്ചവടത്തിലെ ചില്ലറ വരുമാനം കൊണ്ടാണ് കഴിഞ്ഞു കൂടുന്നത്.
രോഗിയായ ഭർത്താവും പഠിക്കുന്ന രണ്ടു കുട്ടികളും പ്രായമായ അച്ഛനും അമ്മയും ഉൾപ്പെട്ടതാണ് യുവതിയുടെ കുടുംബം.ഹോൾസെയിൽ കടയിൽ എത്തി ടിക്കറ്റ് കൈമാറിയപ്പോഴാണ് തട്ടിപ്പ് വിവരം യുവതി അറിയുന്നത്.