KeralaNEWS

‘നിയമങ്ങളും ചട്ടങ്ങളും പാലിച്ച് കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം’: ഇ പി ജയരാജൻ

തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. കൽപ്പറ്റയിൽ പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും അണികളുടെയും വലിയ പ്രതിഷേധ റാലിയുണ്ടായി. ജില്ലാ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് കെഎസ് യു പ്രവർത്തകരും ആക്രമണങ്ങൾക്ക് പിന്നാലെ തെരുവിലിറങ്ങി.

എന്നാൽ പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ വിമർശിക്കുകയാണ് ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. വയനാട്ടിലെ സംഭവത്തെ പൊക്കിപ്പിടിച്ച് നാട്ടിലാകെ കോൺഗ്രസ് അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും ജനങ്ങൾക്കെതിരെയുള്ള വെല്ലുവിളി കോൺഗ്രസിന് തന്നെ ആപത്തായിരിക്കുമെന്നും ജയരാജൻ പ്രതികരിച്ചു. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം. ഗുണ്ടായിസവും അക്രമങ്ങളും ഉപേക്ഷിക്കുന്നതാണ് കോൺഗ്രസിന് നല്ലതെന്നും ഇപി ജയരാജൻ പറഞ്ഞു. സമാധാനം ഉറപ്പുവരുത്താൻ ജനങ്ങളുടെ സർക്കാരും പൊതുസമൂഹവും നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് ആക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധിക്കാനാണ് എൽഡിഎഫ് തീരുമാനം. യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു. കലാപം അഴിച്ചു വിടാൻ യുഡിഎഫ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നാളെ മൂന്ന് മണിക്ക് കല്‍പറ്റയില്‍ സിപിഎം പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ വൻ കോൺഗ്രസ് റാലി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, കെസി വേണുഗോപാൽ, എംകെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ആയിരത്തിയഞ്ഞൂറിലേറെ പേരെ അണിനിരത്തിയാണ് റാലി. സിവിൽ സ്റ്റേഷൻ പരിസരത്തെ എംപി ഓഫീസിൽ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു. റാലിക്കിടെ പലയിടത്ത് വെച്ചും കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

പൊലീസും പ്രവർത്തകരും തമ്മിൽ ചിലയിടത്ത് വെച്ച് ഉന്തും തള്ളുമുണ്ടായി. ഒരു ഘട്ടത്തിൽ പൊലീസിനെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു. കൽപ്പറ്റ ജംഗ്ഷൻ പരിസരത്ത് വെച്ചും പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഷാഫി പറമ്പിൽ എം എൽഎ അടക്കമുള്ള നേതാക്കൾ ഉടൻ സ്ഥലത്ത് എത്തി പ്രവർത്തകരെ അനുനയിപ്പിച്ചു.

Back to top button
error: