NEWS

ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ വാക്ക് ഏതാണെന്ന് അറിയാമോ?

ഇംഗ്ലീഷിലെ നീളമേറിയ വാക്കുകളില്‍ പലതും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കാത്തതാണ്.ചിലത് കേട്ടിട്ട് പോലുമുണ്ടാകില്ല.എന്നാലും ലോകത്തിലെ ഏറ്റവും നീളമേറിയ വാക്കേതാണ് എന്നറിയാമോ?
പണ്ട് കാലത്ത് ഭൂരിഭാഗം ആളുകളും വിശ്വസിച്ചിരിക്കുന്നത് ആന്റിഡിസെസ്റ്റാബ്ലിഷ്മെന്റേറിയനിസം എന്ന വാക്കാണ് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പദമെന്നതാണ്. അതിന്റെ പ്രത്യേകത ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങള്‍ ഈ വാക്കില്‍ അടങ്ങിയിരിക്കുന്നു എന്നതാണ്. എന്നാല്‍ പിന്നീട് വേറെ വാക്കുകള്‍ വന്നപ്പോള്‍ അതിന്റെ പ്രാധാന്യം കുറഞ്ഞു.
എന്നാലും എന്താണ് ഇതിന്റെ അര്‍ത്ഥമെന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. ആന്റിഡിസെസ്റ്റാബ്ലിഷ്മെന്റേറിയനിസം 19 -ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ നിലനിന്നിരുന്ന ഒരു പ്രസ്ഥാനമാണ്. ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടിനെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെയില്‍സ് എന്നിവയുടെ ഔദ്യോഗിക സ്റ്റേറ്റ് ചര്‍ച്ച്‌ എന്ന നിലയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളെ തടയാന്‍ വേണ്ടിയാണ് ഈ പ്രസ്ഥാനം ഉടലെടുത്തത്. നമ്മള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പദമായി കരുതിയിരുന്ന ഈ വാക്ക് വാസ്തവത്തില്‍ ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ പദമല്ല എന്നാണ് വാസ്തവം.
എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് ഇംഗ്ലീഷ് ഭാഷയിലെ, മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ വാക്കിനെ കുറിച്ചാണ്. ആ വാക്കില്‍ മൊത്തം 189,819 അക്ഷരങ്ങള്‍ അടങ്ങിയിരിക്കുന്നു. ടെക്‌നിക്കല്‍ വാക്കുകള്‍ക്ക് പൊതുവെ നീളം കൂടാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ച്‌ ചില രോഗങ്ങളുടെ പേരുകള്‍. അവ കേട്ടാല്‍ പോലും നമുക്ക് മനസിലാവില്ല. അത് പോലെ ഇപ്പോള്‍ പറയാന്‍ പോകുന്ന വാക്കും നമ്മള്‍ സാധാരണയായി ഉപയോഗിക്കാത്ത ഒരു വാക്കാണ്. ഇത് ഒരു പ്രോട്ടീന്റെ രാസനാമമാണ്. ടിറ്റിന്‍ എന്നാണ് ആ ഭീമന്‍ പ്രോട്ടീന്റെ പേര്. സാധാരണയായി പ്രോട്ടീനുകള്‍ക്ക് പേരിടുന്നത് അവ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ പേരുകള്‍ ചേര്‍ത്താണ്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ പ്രോട്ടീനാണ് ടിറ്റിന്‍ എന്നതിനാല്‍, അതിന്റെ പേര് അത്രതന്നെ വലുതായിരിക്കും.
ഈ വാക്ക് സാധാരണ വേഗതയില്‍ ഉച്ചരിക്കാന്‍ നിങ്ങള്‍ക്ക് ഏകദേശം മൂന്നര മണിക്കൂര്‍ എടുക്കുമെന്നാണ് പറയുന്നത്. ഒരു സിനിമ കാണുന്നതിനേക്കാളും കൂടുതല്‍ സമയം. കേള്‍ക്കുമ്ബോള്‍ ആശ്ചര്യമായി തോന്നിയേക്കാം, പക്ഷേ വാസ്തവമാണ്. ഇത്രയൊക്കെ പ്രത്യേകതയുള്ള ആ വാക്ക് ഏതാണെന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടാകും. അതിന്റെ നീളം വച്ച്‌ നോക്കുമ്ബോള്‍ പേര് മുഴുവനായും ഇവിടെ എഴുതാന്‍ സാധിക്കില്ല. ഇവിടെ എന്നല്ല എവിടെയും അത് മുഴുവനായി എഴുതാന്‍ സാധിക്കില്ല. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വാക്ക് മെഥിയോനൈല്‍ത്രോനൈല്‍ത്രോനൈല്‍ഗ്ലൂട്ടാമിന്‍ലാലനൈല്‍…ഐസോലൂസിന്‍ എന്നതാണ്. ഈ വാക്ക് നിങ്ങള്‍ ഇംഗ്ലീഷ് നിഘണ്ടുവില്‍ തപ്പിയാലും കിട്ടില്ല. കാരണം അതിന്റെ നീളം തന്നെ.
_ന്യുമോണോള്‍ട്രാമൈക്രോസ്കോപ്പിക്സിലിക്കോവോള്‍ക്കാനോകോണിയോസിസ് എന്ന പദമാണ് ഇംഗ്ലീഷ് നിഘണ്ടുവിലെ ഏറ്റവും വലിയ വാക്ക്._ പൊടിപടലം ശരീരത്തില്‍ പ്രവേശിക്കുമ്ബോള്‍ ഉണ്ടാകുന്ന ഒരു ശ്വാസകോശ രോഗമാണിത്.

Back to top button
error: