KeralaNEWS

ജീവനക്കാരിയെ മർദിച്ചെന്ന കേസ്: കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം: അഭിഭാഷക ഓഫീസിലെ ജീവനക്കാരിയെ മർദിച്ച കേസിൽ കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷെഫീറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി സർക്കാരിന്‍റെ നിലപാട് തേടിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ജൂലൈ അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.

കെ പി സി സി സെക്രട്ടറി ബി ആർ എം ഷെഫീറിനെതിരെ ഇന്ന് രാവിലെയാണ് പൊലീസ് കേസെടുത്തത്. ഷെഫീറിന്‍റെ അഭിഭാഷക ഓഫീസിലെ ക്ലർക്കായിരുന്ന സ്ത്രീ നൽകിയ പരാതിയിലാണ് കേസെടുത്തത്. ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. അതേസമയം ഷെഫീർ നൽകിയ പരാതിയിൽ വനിത ക്ലർക്കിനെതിരെയും നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. താൻ അറിയാതെ ക്ലാർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് പരാതി. ഷെഫീർ പരാതി നൽകിയ ശേഷമാണ് ക്ലർക്ക് പൊലിസിനെ സമീപിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിലെ യു ഡിഎഫ് സ്ഥാനാർഥിയായിരുന്നു ഷെഫീർ. അന്ന് ഇലക്ഷൻ പ്രചരണത്തിന് ഫണ്ട് ഇല്ലാത്തതിനാൽ വീഡിയോ ചെയ്ത് പണം നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സ്വരൂപിക്കുകയായിരുന്നു. ഇപ്പോൾ കെ പി സി സിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ സജീവമാണ് ഷഫീർ.

Back to top button
error: