അവധിക്ക് നാട്ടിലെത്തി തിരികെ പോകുന്ന പ്രവാസി മലയാളികളുടെ കൈയ്യിൽ ഒരു ഹാൻഡ് ബാഗും പിന്നെ ഒരു കാർഡ് ബോർഡ് പെട്ടിയും തീർച്ചയായും ഉണ്ടാകും.ഹാൻഡ്ബാഗിൽ അവരുടെ മുഷിഞ്ഞ ഡ്രസ്സുകളാവും ഉണ്ടാകുക.പിന്നെ പാസ്പോർട്ടും അതുപോലെ വിലപിടിപ്പുള്ള രേഖകളും.എന്നാൽ കാർഡ് ബോർഡ് പെട്ടിയിൽ അമ്മയുടെ സ്നേഹവും അച്ഛന്റെ കരുതലുമാകും നിറഞ്ഞു നിൽക്കുക.അല്ലെങ്കിൽ പ്രിയതമയുടെ.സാധാരണഗതിയിൽ ഇതിൽ ഉണ്ടാകുക, ഉപ്പേരിയും (കായ വറുത്തത്) ചമ്മന്തിപ്പൊടിയും എന്തെങ്കിലുമൊക്കെ അച്ചാറുമാകും.അതിൽ ഏറ്റവും പ്രധാനം ചമ്മന്തിപൊടി തന്നെ.
ചമ്മന്തിപൊടി ഉണ്ടാക്കുന്ന വിധം
തേങ്ങ – 3 എണ്ണം
വറ്റൽ മുളക് – 15 എണ്ണം
കറിവേപ്പില – 1 കതിർപ്പ്
ഇഞ്ചി – ചെറിയ പീസ്
ചെറിയ ഉള്ളി – 4 എണ്ണം
വാളൻ പുളി – നെല്ലിക്കാ വലിപ്പത്തിൽ
ഉലുവ – ഒരു നുള്ള്
കായപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
ഒരു വറവ്ചട്ടിയിൽ ചെറിയ ഉള്ളി, ഇഞ്ചി എന്നിവ മൂപ്പിക്കുക. ശേഷം വറ്റൽ മുളക്, കറിവേപ്പില എന്നിവ മൂപ്പിക്കുക. വാളൻ പുളി ഇതിലേക്ക് ഇട്ടുകൊടുക്കുക. മൂപ്പിച്ച സാധനങ്ങൾ എല്ലാം മറ്റൊരു പാത്രത്തിൽ മാറ്റിവയ്ക്കുക. പിന്നീട് തേങ്ങ നന്നായി ചൂടാക്കി വറുത്തെടുക്കുക. കരിഞ്ഞു പോകാതെ നന്നായ് ഇളക്കിക്കൊണ്ടിരിക്കുക.നല്ല ബ്രൗൺ നിറമായികഴിയുമ്പോൾ നേരത്തേ മാറ്റിവച്ച സാധനങ്ങൾ കൂടി ഇട്ട് ചൂടാക്കി, വാങ്ങി വയ്ക്കുക.ശേഷം മിക്സിയിൽ ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക.ടിന്നിൽ അടച്ചു സൂക്ഷിച്ചു വച്ചാൽ ഏറെനാൾ കേടുകൂടാതെ ഇരിക്കും.