മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘വർഷ’യിൽ നിന്ന് ബാഗുകൾ പുറത്തേക്ക് കൊണ്ടുപോയി. സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ദവ് താക്കറെയും കുടുംബവും മടങ്ങുന്നത്. അതി വൈകാരികമായിട്ടാണ് ഉദ്ദവ് താക്കറെയെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. ശിവസേനയുടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉദ്ദവ് താക്കറെയ്ക്ക് പിന്തുണയുമായി എത്തിയത്.
#WATCH Maharashtra CM Uddhav Thackeray along with his family leaves from his official residence, amid chants of "Uddhav tum aage badho, hum tumhare saath hain" from his supporters.#Mumbai pic.twitter.com/m3KBziToV6
— ANI (@ANI) June 22, 2022
അതേസമയം, കൂടുതൽ വിമത എംഎൽഎമാർ ഗുവാഹത്തിയിലേക്ക് എത്തിയെന്നാണ് വിവരം. നാല് ശിവസേന എംഎൽഎമാർ ചാർട്ടേഡ് വിമാനത്തിൽ എത്തിയെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, പ്രശ്നപരിഹാരത്തിനായി ശരദ് പവാർ രംഗത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ശരദ് പവാറും നാനാ പട്ടേളയും കൂടിക്കാഴ്ച നടത്തുകയാണ്. സർക്കാറിനെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് ശരദ് പവാർ പറഞ്ഞു. ആവശ്യമെങ്കിൽ ഷിൻഡേയെ മുഖ്യമന്ത്രി ആക്കുന്നത് പരിഗണിക്കണം എന്നാണ് ശരദ് പവാറിന്‍റെ നിലപാട്. മന്ത്രിസഭാ പുനഃസംഘടന ആലോചിക്കാമെന്ന നിർദേശവും കൂടിക്കാഴ്ചയിൽ ശരദ് പവാർ മുന്നോട്ട് വെച്ചു.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല. സഖ്യം അവസാനിപ്പിക്കണമെന്ന് ആവർത്തിക്കുകയാണ് വിമത നേതാവ് ഏകനാഥ് ഷിന്‍ഡേ. ഇതിനിടെയാണ്, മഹാരാഷ്ട്രയിൽ ശിവസേനയിലെ വിമത എംഎൽഎമാരെ സമ്മര്‍ദ്ദത്തിലാക്കി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ രാജിസന്നദ്ധതാ പ്രഖ്യാപനം വന്നത്. ഒരു വിമത എംഎൽഎയെങ്കിലും മുഖത്ത് നോക്കി പറഞ്ഞാൽ രാജിവയ്ക്കാമെന്നാണ് ഉദ്ദവ് താക്കറെ ഫേസ്ബുക്ക് വൈലിൽ പറഞ്ഞത്. രാജിക്കത്ത് തയ്യാറാണെന്നും ഉദ്ദവ് വ്യക്തമാക്കിയിരുന്നു. ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടു പോകും. ചില എംഎൽമാരെ കാണാനില്ല. ചിലരെ സൂറത്തിൽ കണ്ടു. ചില എംഎൽഎമാര്‍ തിരികെ വരാൻ ആശിക്കുന്നുണ്ടെന്നും പറഞ്ഞ ഉദ്ദവ് താക്കറെ, എതിര്‍പ്പ് നേരിട്ടറിയിക്കാന്‍ ഏക്നാഥ് ഷിൻഡേയെ വെല്ലുവിളിച്ചു.