NEWS

അറിഞ്ഞിരിക്കാം; പ്രവാസികളുടെ ഈ ആനുകൂല്യങ്ങൾ

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വളർച്ചയിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണ്.അതുകൊണ്ടു തന്നെ അവരുടെ ക്ഷേമവും സമയബന്ധിത സേവനങ്ങളും ഉറപ്പുവരുത്തുന്നതിനായി ആവിഷ്കരിച്ച സംവിധാനമാണ് സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്ട്സ്.ഇതിൽ അംഗമായും അല്ലാതെയും പ്രവാസികൾ ആനുകൂല്യങ്ങൾക്ക് അർഹരാണ്.എന്നാൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിൽ പ്രവാസികൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നതാണ് വാസ്തവം.
കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മൂന്നു പ്രത്യേക പദ്ധതികളാണ് നോര്‍ക്ക പ്രഖ്യാപിച്ചത്. പദ്ധതിക്ക് കീഴിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാനുള്ള ധനസഹായമാണ് ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം മടങ്ങിയെത്തിയ പ്രവാസികൾക്ക് വരുമാനം കണ്ടെത്താൻ സഹായിക്കുക എന്നത് ലക്ഷ്യമാക്കിയാണ് പദ്ധതി.പലിശ ഇല്ലാതെ രണ്ടു ലക്ഷം രൂപയും പലിശ ഇളവോടെ 25 ലക്ഷം രൂപ മുതൽ രണ്ടു കോടി വരെയും ഇങ്ങനെ നേടാം
പ്രവാസി പുനരധിവാസ പദ്ധതിക്ക് കീഴിൽ തിരിച്ചെത്തിയവര്‍ക്ക് സംരംഭം തുടങ്ങാൻ പലിശ രഹിത വായ്പ നൽകുന്നുണ്ട്.പ്രവാസി ഭദ്രതാ പേൾ എന്ന പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപ വരെയാണ് ഇങ്ങനെ നൽകുന്നത്.രണ്ട് വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി.കൊവിഡ് മൂലം വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയവര്‍ക്കും, തിരിച്ച് പോകാനാകാതെ നാട്ടിൽ കുരുങ്ങിയവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്.രണ്ട് വര്‍ഷമെങ്കിലും വിദേശ രാജ്യത്ത് താമസിച്ചിരിക്കണം.രണ്ട് വര്‍ഷത്തിനുള്ളിൽ തുല്യ തവണകളായി ആണ് ഇഎംഐ തിരിച്ചടക്കേണ്ടത്.
രണ്ട് കോടി രൂപ വരെയുള്ള സംരംഭങ്ങൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി ഭദ്രത മെഗാ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കെഎസ്ഐഡിസിയുമായി ചേര്‍ന്നാണ് പദ്ധതി.പദ്ധതി പ്രകാരം 25 ലക്ഷം രൂപ മുതൽ രണ്ടു കോടി വരെ ലോൺ ലഭിക്കും. 8.25 ശതമാനം മുതൽ 8.75 ശതമാനം വരെ പലിശ നിരക്കിലാണ് ലോൺ ലഭിക്കുക.3.25 ശതമാനം മുതൽ 3.75 ശതമാനം വരെ പലിശ സബ്‍സിഡി നോര്‍ക്ക റൂട്ട്സ് നൽകും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. കെഎസ്ഐഡിസി മുഖേനയാണ് പദ്ധതിക്കായുള്ള അപേക്ഷ നൽകേണ്ടത്.
കൊവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്ന പദ്ധതിയാണ് പ്രവാസി തണല്‍.ഈ പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.norkaroots.org (Norka Roots)   എന്ന നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് new registration ഒപ്ഷനില്‍ ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം.മരണപ്പെട്ട പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 രൂപ വീതം ലഭിക്കും.18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായുമാണ് സഹായം അനുവദിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്‌സ് രണ്ടാം നില, തൈക്കാട് എന്ന വിലാസത്തില്‍ നേരിട്ടോ അല്ലെങ്കില്‍ nbfc.norka@ kerala.gov.in / 0471 – 2770534 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Back to top button
error: