നിയമപരമല്ലാത്ത നൂറോളം ബൈക്കുകള്‍ ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചു; വീഡിയോ വൈറല്‍
ന്യൂയോര്‍ക്ക്: നിരത്തുകളില്‍ അപകടഭീഷണിയായ ഇരുചക്രവാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുത്ത അധികൃതരുടെ വീഡിയോ വൈറല്‍. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലാണ് സംഭവം. നൂറോളം അനധികൃത ഇരുചക്രവാഹനങ്ങള്‍ ബുള്‍ഡോസര്‍ കയറ്റി നശിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റേസിങ്ങിന് ഉപയോഗിക്കുന്നവ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചൊവ്വാഴ്ച ബുള്‍ഡോസര്‍ കയറ്റിയിറക്കി നശിപ്പിച്ചത്.
മഡ് റേസിങ്ങിനുപയോഗിക്കുന്ന നിയമപരമല്ലാത്ത വാഹനങ്ങള്‍ നേരത്തെ സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങള്‍ നഗരത്തിലെ തെരുവുകള്‍ക്ക് തീര്‍ത്തും അപകടകരമാണെന്ന് മേയര്‍ എറിക് ആഡംസ് പറഞ്ഞു. വാഹനങ്ങളുടെ നിയമപരമായ ഉടമകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ബൈക്കുകള്‍ നശിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി.
Nearly 100 dirt bikes and all-terrain vehicles confiscated by the NYPD were bulldozed Tuesday in New York City's Brooklyn borough. Mayor Eric Adams called the vehicles, which are illegal on the city's streets, "extremely dangerous." pic.twitter.com/NgZaXk2ZkH
— CBS News (@CBSNews) June 22, 2022
ഇത്തരത്തില്‍ ബൈക്കുകള്‍ നശിപ്പിക്കുന്നതിനു പകരം അവ വില്‍ക്കുകയോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗിക്കുകയോ ചെയ്തുകൂടെ എന്നചോദ്യം ഉയരുന്നുണ്ട്. അങ്ങനെ ചെയ്താല്‍ ഇവ വീണ്ടും തെരുവിലിറക്കി അപകടമുണ്ടാക്കുകയും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് എന്‍വൈപിഡി പറയുന്നു.
2022 തുടക്കംമുതല്‍ രണ്ടായിരത്തോളം നിയമപരമല്ലാത്ത വാഹനങ്ങളാണ് എന്‍വൈപിഡി പിടിച്ചെടുത്തത്. ബുള്‍ഡോസര്‍ കയറ്റിയിറക്കി വാഹനങ്ങള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൊട്ടടുത്തുനിന്ന് ദൃശ്യം പകര്‍ത്തുന്ന കാഴ്ചക്കാരേയും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.