KeralaNEWS

മദ്യവില കുറയ്ക്കാന്‍ അടുത്തയാഴ്ചയോടെ നടപടി, എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റും സൂപ്പര്‍മാര്‍ക്കറ്റാക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില കുറയ്ക്കാന്‍ അടുത്തയാഴ്ചയോടെ നടപടി തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍. എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളേയും സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയില്‍ വില്‍പ്പന കേന്ദ്രങ്ങളാക്കി മാറ്റും. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കും.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാവുന്ന വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി അടിസ്ഥാന സൗകര്യം ഉറപ്പാക്കും. ഐടി പാര്‍ക്കുകളില്‍ ആവശ്യപ്പെട്ടാല്‍ മദ്യ ലൈസന്‍സ് നല്‍കുമെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു

അതിനിടെ സംസ്ഥാനത്ത് കുറഞ്ഞ വിലയിലുള്ള മദ്യം കിട്ടാനില്ലാത്ത അവസ്ഥ തുടരുകയാണ് ഇതുമൂലം അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  സ്റ്റോക്കില്ലാത്ത മദ്യം ആവശ്യപ്പെട്ട് മുട്ടത്തറ ബെവ്‌ക്കോ ഔട്ട്‌ലെറ്റില്‍ കഴിഞ്ഞ ദിവസം അഞ്ചംഗ സംഘത്തിന്റെ അതിക്രമമുണ്ടായി. ബെവ്‌ക്കോ ജീവനക്കാരെ ആക്രമിച്ച സംഘം രണ്ട് കെയ്‌സ് ബിയറും നശിപ്പിച്ചു. സംഭവത്തില്‍ അഞ്ച് പേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു.യൂസഫ്, ഷാജി, ഷാന്‍, അലി അക്ബര്‍, അസറുദ്ദീന്‍ എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.

കുറഞ്ഞ നിരക്കിലുള്ള മദ്യം നിലവില്‍ ബെവ്‌ക്കോയില്‍ ലഭ്യമല്ല. എന്നാല്‍ മുട്ടത്തറ ഔട്ട് ലെറ്റിലെത്തിയ അഞ്ചംഗ സംഘം സ്റ്റോക്കില്ലാത്ത മദ്യം ആവശ്യപ്പെട്ടു. മദ്യമില്ലെന്ന് പറഞ്ഞതോടെ പ്രകോപിതരായ സംഘം ഔട്ട് ലെറ്റിനുള്ളിലേക്ക് കയറി ജീവനക്കാരനെ മര്‍ദ്ദിച്ച ശേഷം രണ്ടു കെയ്‌സ് ബിയറും അടിച്ചുപൊട്ടിക്കുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ ലഹരിക്കടമികളാണെന്നാണ് പൂന്തുറ പൊലീസ് അറിയിക്കുന്നത്.

Back to top button
error: