തൃശൂര്‍ : കഴിഞ്ഞ ദിവസം മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന വിവാഹം ശ്രദ്ധ ആകർഷിക്കുന്നു.
പീച്ചി ചെന്നായ് പാറയിലെ ദിവ്യ ഹൃദയാശ്രമത്തില്‍ കഴിഞ്ഞിരുന്ന ഹരിതയും മാള അഷ്ടമിച്ചിറ അമ്ബഴക്കാട് ശിവദാസും തമ്മിലുള്ള വിവാഹത്തിന് മുഖ്യകാര്‍മികത്വം വഹിച്ചത് ദിവ്യ ഹൃദയാശ്രമത്തിന്‍റെ ഡയറക്ടറായ ഫാ.ജോര്‍ജ് കണ്ണംപ്ലാക്കലായിരുന്നു.ഹൈന്ദവാ ചാരപ്രകാരം നടന്ന ചടങ്ങില്‍ അച്ഛന്‍റെ സ്ഥാനത്ത് നിന്ന് ഫാ.ജോർജ് ഹരിതയെ ശിവദാസിന് കൈപിടിച്ച് നല്‍കി.
രണ്ട് വയസ് മുതല്‍ അമ്മയോടൊപ്പം ദിവ്യ ഹൃദയാശ്രമത്തിലെത്തിയ ഹരിത പഠന സൗകര്യത്തിന് വേണ്ടിയാണ് മാളയിലെ സെന്‍റ തോമസ് യുപി സ്കൂളിലെത്തിയത്. 5-ാം ക്ലാസ് മുതല്‍ 7 ക്ലാസ് വരെ ഹരിത പഠിച്ച അതേ ക്ലാസിലെ വിദ്യാര്‍ഥിയായിരുന്നു ശിവദാസ്.പിന്നീട് ഇരുവരും സ്കൂളുകള്‍ മാറി.ജീവിതത്തില്‍ ഇതിനിടെ ഒരിക്കല്‍ പോലും കണ്ടു മുട്ടിയില്ല.എന്നാൽ കഴിഞ്ഞമാസം ഒരുമിച്ചു പഠിച്ചവരുടെ സമൂഹമാധ്യമ ഗ്രൂപ്പില്‍ ഇരുവരും വീണ്ടും കണ്ടുമുട്ടി.
സൗഹൃദം വളർന്നപ്പോൾ ഹരിതയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ശിവദാസ് മാതാപിതാക്കള്‍ മുഖേന ദിവ്യ ഹൃദയ ആശ്രമത്തിന്റെ ഡയറക്ടറും ഹരിതയുടെ വളര്‍ത്തച്ഛനുമായ ജോര്‍ജ് കണ്ണംപ്ലാക്കലിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 17ന് പുടവ കൊടുക്കുന്നതിനു ആശ്രമത്തില്‍ എത്തിയപ്പോഴാണു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പരസ്പരം കാണുന്നത് തന്നെ.
മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ അച്ഛന്‍റെ സ്ഥാനത്ത് നിന്ന് ചടങ്ങുകളെല്ലാം നടത്തിയത് ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ തന്നെ ആയിരുന്നു.ഇരുവർക്കും അയ്യായിരം രൂപ വീതം വിവാഹസമ്മാനമായി അദ്ദേഹം നൽകുകയും ചെയ്തു.