KeralaNEWS

കെപിസിസി അംഗങ്ങളുടെ പട്ടിക തിരിച്ചയച്ചു, സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടി. യുവാക്കൾക്കും, വനിതകൾക്കും, ദളിത് വിഭാഗങ്ങൾക്കും പ്രാതിനിധ്യമില്ല; ചിന്തൻ ശിബിർ തീരുമാനങ്ങൾ അവഗണിച്ചു

  എന്തെല്ലാമായിരുന്നു വീമ്പു പറച്ചിൽ. സമവായം, ഗ്രൂപ്പു രഹിതം എന്നു വേണ്ട കെ.പി.സി.സി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും ശബ്ദതാരാവലിയിൽ പുതിയ വാക്കുകൾ തന്നെ വിളക്കി ചേർത്തു. എന്നിട്ടോ ഗ്രൂപ്പ് തിരിഞ്ഞ് തെരുവിൽ തല്ലും അട്ടഹാസവും.
അവസാനമിതാ കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിന് വൻ തിരിച്ചടി നൽകിക്കൊണ്ട് കെ.പി.സി.സി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ തിരിച്ചയച്ചു.

ചെറുപ്പക്കാരില്ല, വനിതകള്‍ക്ക് പ്രാതിനിധ്യമില്ല, പട്ടികജാതി സംവരണം വേണമെന്ന നിബന്ധന പാലിച്ചില്ലെന്നതടക്കം ഗുരുതര ആരോപണമുന്നയിച്ചാണ് റിട്ടേണിംഗ് ഓഫീസര്‍ പരമേശ്വര പട്ടിക തിരിച്ചയച്ചത്. അഞ്ച് വര്‍ഷം ഒരു ഭാരവാഹിസ്ഥാനത്ത് തുടരരുതെന്ന ഉദയ്പൂര്‍ ചിന്തന്‍ശിബിര്‍ തീരുമാനം സംസ്ഥാനം അട്ടിമറിച്ചുവെന്നും റിട്ടേണിംഗ് ഓഫീസറുടെ കുറിപ്പില്‍ ആരോപിക്കുന്നു.

Signature-ad

ചിന്തന്‍ ശിബിരിന് ശേഷം നടന്ന പട്ടിക തീരുമാനം സംസ്ഥാനം ഗൗരവത്തിലെടുത്തില്ലെന്ന ഹൈക്കമാന്‍ഡിന്റെ വിലയിരുത്തലും ഉണ്ടായി. ഗ്രൂപ്പുകള്‍ വഴിമാറിയായിരുന്നു ചര്‍ച്ചയും തീരുമാനവും. ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് എന്ന കണക്കില്‍ 280 കെപിസിസി അംഗപട്ടികയാണ് തയ്യാറാക്കിയത്. എന്നാല്‍ പുനഃസംഘടന ചര്‍ച്ചകളില്‍ ഉദയ്പൂര്‍ തീരുമാനം കേരളത്തില്‍ അറിഞ്ഞിട്ടുപോലുമില്ല എന്ന അവസ്ഥയിലായിരുന്നു. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഒരു പദവിയില്‍ പാടില്ലെന്നാണ് നി‍ര്‍ദ്ദേശമെങ്കിലും പത്തും പതിനഞ്ചും വര്‍ഷം പദവികളിരുന്നവരെ കെ.പി.സി.സി അംഗമായി പരിഗണിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയവര്‍ക്കും മരിച്ചവര്‍ക്കും പകരമുള്ളവരെ മാത്രമാണ് തെരഞ്ഞെടുപ്പ്. അതായത് പഴയ പട്ടികയില്‍ ചില പൊടികൈകള്‍ മാത്രം.

വനിത, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 50 ശതമാനം
ബാക്കി അന്‍പത് ശതമാനത്തില്‍ 25 ശതമാനം അന്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക്. ഇതാണ് മറ്റൊരുപ്രധാനതീരുമാനം. എന്നാല്‍ വനിതകളായി പട്ടികയിലുള്ളത് ബിന്ദു കൃഷ്ണയും ദീപ്തി മേരി വര്‍ഗീസും ആലിപ്പറ്റ ജമീലയും മാത്രം. 280 പേരില്‍ പുതുതായി പരിഗണിക്കുന്നത് 44 പേരെ മാത്രമാണ്. അതില്‍ യുവാക്കളും കുറവ്. മെമ്പര്‍ഷിപ്പ് ചേര്‍ക്കാന്‍ പോലും കളത്തില്‍ എത്താത്തവര്‍ പട്ടികയിലുണ്ട് എന്നാണ് മറ്റോരാക്ഷേപം.
മെമ്പര്‍ഷിപ്പ് ചേര്‍ത്തവര്‍ക്ക് വലിയ പരിഗണന എന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. അതും പാലിച്ചില്ല.

ഗ്രൂപ്പ് ഇല്ലെന്ന് പറയുന്നത് തെറ്റ്

ഗ്രൂപ്പില്ലെന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്ന വി.ഡി സതീശനും കെ സുധാകരനും താല്പര്യമുള്ളവരെ മാത്രം കുത്തിനിറയ്ക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് പ്രധാനപരാതി. വി.ഡി സതീശന്‍ കെ.സുധാകരന്‍ സഖ്യവുമായി അകന്നു നിന്നിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാകട്ടെ കെപിസിസി അംഗങ്ങളുടെ തിരഞ്ഞെടുപ്പെത്തിയപ്പോള്‍ പുതിയ നേതൃത്വവുമായി സഹകരിക്കാന്‍ തീരുമാനിച്ചതാണ് കൗതുകകരം. എ,ഐ ഗ്രൂപ്പുകളിലെ പ്രധാനികളായ പ്രാദേശിക നേതാക്കളെയാരെയും ഒഴിവാക്കേണ്ടി വരില്ലെന്നതാണ് പുതിയ നേതൃത്വത്തിനൊപ്പം നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയെയും രമേശിനെയും പ്രേരിപ്പിച്ചത്. ഗ്രൂപ്പുകളില്‍ നിന്ന് അകലം പാലിച്ചവര്‍ ഗ്രൂപ്പുകളോട് ചേര്‍ന്ന് നിന്നാല്‍ നന്നായേനെ എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

പട്ടികയ്ക്കെതിരെ പരാതി പ്രളയം

നേതൃത്വം ഗ്രൂപ്പ് ഭേദമെന്യേ ഒരുമിച്ച്‌ നിന്നപ്പോള്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തി. ടി.എന്‍ പ്രതാപന്‍ എംപിയും പട്ടികക്കെതിരെ പരാതി നല്‍കിയതോടെയാണ് പുനഃപരിശോധന വേണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കി പട്ടിക തള്ളിയത്. കോണ്‍ഗ്രസ് നേതൃത്വം കൊട്ടിഘോഷിച്ച്‌ നടത്തിയ ഉദയ്പൂര്‍ ചിന്തന്‍ ശിബിര തീരുമാനങ്ങള്‍ അട്ടിമറിച്ച്‌ കെ.പി.സി.സി പുനസംഘടന നടത്തിയെന്ന് ആരോപിച്ച്‌ നേരത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. യുവാക്കള്‍ക്കും വനിതകള്‍ക്കും പാര്‍ട്ടി സ്ഥാനങ്ങളില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനം സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ചേര്‍ന്ന് അട്ടിമറിച്ചെന്നായിരുന്നു പ്രധാന ആരോപണം.

Back to top button
error: