ചെന്നൈ: വിക്രം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ ശാരീരികമായി അധിക്ഷേപിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ലോകേഷ് കനകരാജ് രംഗത്ത്. കഥാപാത്രത്തിന് നേരേയുണ്ടായ അധിക്ഷേപങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം പ്രവണതകളെ ശക്തമായി തള്ളിപ്പറയണമെന്നും സംവിധായകന്‍ പറഞ്ഞു. ‘തമിഴ് സിനിമ റിവ്യൂ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ലോകേഷിന്റെ പ്രതികരണം.
ചിത്രത്തില്‍ ജാഫര്‍ സാദിഖ് എന്ന കൊറിയോഗ്രാഫര്‍ ഒരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുണ്ട്. വില്ലന്‍ സ്വഭാവമുള്ള ആ കഥാപാത്രത്തെ ജാഫര്‍ സാദിഖ് അതിമനോഹരമായാണ് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ റോസ്റ്റിങ് വീഡിയോകള്‍ ചെയ്യുന്ന ഒരു യൂട്യൂബ് ചാനലില്‍ ചിത്രത്തെയും ജാഫറിന്റെ കഥാപാത്രത്തെ കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ശരീരത്തെക്കുറിച്ച് അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ റീച്ച് കൂട്ടുക എന്ന പുത്തന്‍കാലത്തെ രീതി പരീക്ഷണമാകാം റോസ്റ്റിങ് നടത്തിയ യൂട്യൂബര്‍ ലക്ഷ്യമിട്ടത്. ഈ കുരുട്ടുബുദ്ധി ഫലം കണ്ടു എന്നുവേണം കരുതാന്‍. എട്ട് ലക്ഷത്തില്‍ അധികം പേര്‍ കണ്ട ഈ റോസ്റ്റിങ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.
സിനിമയെ ഏങ്ങനെ വിമര്‍ശിച്ചാലും അത് സ്വീകരിക്കുന്നു. കഥാപാത്രത്തെയും അത് ചെയ്യുന്ന അഭിനേതാവിന്റെ പ്രകടനത്തെയും ഏത് രീതിയിലും മോശമെന്ന് പറയാനും പ്രേക്ഷകര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ കഥാപാത്രം അവതരിപ്പിച്ച ആളുടെ ശരീരത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തുന്നത് നല്ലതല്ല.
അത്രയും കഴിവുള്ള നടനാണ് ജാഫര്‍…. ഇത്തരത്തില്‍ ബോഡി ഷെയിം ചെയ്യുന്നത് തെറ്റാണ്. സിനിമ മോശമാണെന്ന് തോന്നിയാല്‍ രണ്ട് റോസ്റ്റിങ് വീഡിയോ വേണമെങ്കിലും ഇറക്കാം. പക്ഷെ ഇത്തരം കാര്യങ്ങള്‍ നിര്‍ത്തണം- ലോകേഷ് കനകരാജ് പറയുന്നു.