കൊച്ചി: കുവൈത്ത് മനുഷ്യക്കടത്തില്‍ യുവതിയെ കുടുക്കിയത് വഴിയോരത്തെ ആകര്‍ഷക പരസ്യമെന്ന് വിവരം. സൗജന്യ വിമാന ടിക്കറ്റും വിസയും വാഗ്ദാനം ചെയ്താണ് ‘മനുഷ്യക്കടത്ത് ഏജന്‍സി’ ഇരകളെ വീഴ്ത്തിയതെന്നാണ് വെളിപ്പെടുത്തല്‍. റിക്രൂട്ട്മെന്റും വിസയും വിമാന ടിക്കറ്റുമുള്‍പ്പെടെ സൗജന്യമാണെന്ന് നോട്ടീസ് പതിച്ചാണ് ആളുകളെ ആകര്‍ഷിച്ചത്. നിര്‍ധന കുടുംബങ്ങളിലെ യുവതികളാണ് കെണിയില്‍പ്പെട്ടത്. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് വിദേശ ജോലി എന്ന് വിശ്വസിപ്പിച്ചായിരുന്നു കെണി.
പണമൊന്നും ഈടാക്കാതെ യുവതികളെ ജോലിക്കായി വിദേശത്തേക്ക് കടത്തിയത് മനുഷ്യക്കടത്താണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. രവിപുരത്തെ ഗോള്‍ഡന്‍ വിസ ഏജന്‍സി വഴി കുട്ടികളെ പരിപാലിക്കാന്‍ കുവൈത്തില്‍ പോയ തോപ്പുംപടി സ്വദേശിനി യുവതിക്കും ചെലവ് 5000-ത്തിലധികം രൂപ മാത്രമാണ്. കൂടാതെ ആര്‍.ടി.പി.സി.ആര്‍. എടുക്കുന്നതിനുള്ള പണം മാത്രമാണ് നല്‍കേണ്ടി വന്നത്.
മെഡിക്കല്‍ പരിശോധനയ്ക്കാണ് 5000 രൂപ ചെലവായത്. വഴിയോരത്തെ പരസ്യം കണ്ട് സമീപിച്ച ഇവരെ വിസിറ്റിങ് വിസയില്‍ ദുബായിലെത്തിച്ച് അവിടെ നിന്ന് കുവൈത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശിശുപരിചരണ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ ഫെബ്രുവരിയില്‍ കുവൈത്തില്‍ എത്തിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, മുഖ്യമന്ത്രി എന്നിവര്‍ക്ക് യുവതിയുടെ ഭര്‍ത്താവ് അഭിഭാഷകന്‍ മുഖേന പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഒന്നാം പ്രതി അജുമോന്‍ അറസ്റ്റിലാകുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ എന്‍.െഎ.എ. കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്‍.െഎ.എ. ഉദ്യോഗസ്ഥന്‍ യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്. അറബിയുടെ വീട്ടില്‍ വീട്ടുജോലിക്കാണ് തോപ്പുംപടി സ്വദേശിനിയെ നിയോഗിച്ചത്. വിശ്രമം നല്‍കാതെ ജോലിയെടുപ്പിച്ചതിനെ തുടര്‍ന്ന് യുവതി പരാതിപ്പെടുകയായിരുന്നു. എന്നാല്‍, നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ അജുമോനും മജീദും മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു. ‘ഒരുമ’ സന്നദ്ധ സംഘടനയുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതിയുടെ പരാതിയില്‍ സൗത്ത് പോലീസാണ് കേസെടുത്തത്.
ജോലി റിക്രൂട്ട്‌മെന്റിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ ഭീകര സംഘടനയായ ഐ.എസിന്റെ ബന്ധം എന്‍.ഐ.എ. അന്വേഷിക്കും. കേസില്‍ ഇപ്പോള്‍ മനുഷ്യക്കടത്ത് കുറ്റങ്ങള്‍ക്കുള്ള വകുപ്പായ ഐ.പി.സി. 370 ചുമത്തിയതോടെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കുന്നതിനു വഴി തെളിഞ്ഞിട്ടുണ്ട്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം ഈ വകുപ്പ് ചേര്‍ത്തിരുന്നില്ല.
കേസില്‍ ഐ.എസ്. ബന്ധത്തിനുള്ള സാധ്യത പരിശോധിച്ച് ഉറപ്പിക്കലാണ് എന്‍.ഐ.എ. ആദ്യം ലക്ഷ്യമിടുന്നത്. ഐ.എസ്. ബന്ധത്തിനു സാധ്യത കുറവാണെന്നാണ് എന്‍.ഐ.എ.യുടെ പ്രാഥമിക നിഗമനം. എന്നാല്‍, കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴിയില്‍ പ്രതികള്‍ക്കെതിരേ ഐ.എസ്. ബന്ധം ആരോപിക്കുന്നുണ്ട്. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ ഐ.എസിനു വില്‍ക്കുമെന്നു കേസിലെ മുഖ്യ പ്രതിയായ മജീദ് എന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴിയിലുള്ളത്.
കേസില്‍ പരാതിക്കാരിയായ യുവതിയില്‍നിന്നു മൊഴിയെടുത്ത എന്‍.ഐ.എ. കരുതലോടെയാണ് അടുത്ത നീക്കത്തിലേക്കു കടക്കുന്നത്. ഇപ്പോള്‍ റിമാന്‍ഡിലുള്ള പ്രതി അജുമോനെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ശേഖരിക്കുന്ന മൊഴികളും പരിശോധിച്ചാകും എന്‍.ഐ.എ. അടുത്ത ഘട്ടത്തിലേക്കു കടക്കുകയെന്നാണ് സൂചന. കേസിലെ മുഖ്യ പ്രതി മജീദിനെ നാട്ടിലെത്തിക്കുന്നതും എന്‍.ഐ.എ.യുടെ അന്വേഷണത്തിലെ പ്രധാന ഘടകമാകും.